സി. കെ. ജാനു  Source: News Malayalam 24x7
KERALA

ഒറ്റയ്ക്ക് നിന്ന് പാർട്ടി ശക്തിപ്പെടുത്തും; തൽക്കാലം സ്വതന്ത്രമായി നിൽക്കും: സി. കെ. ജാനു

എൻഡിഎയിൽ നിന്നും മുന്നണി എന്ന രീതിയിലുള്ള പരിഗണന ലഭിച്ചില്ലെന്നും സി. കെ. ജാനു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാട്: എൻഡിഎയിലേക്ക് ഇനി തിരിച്ചുവരുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രസിഡൻ്റ് സി. കെ. ജാനു. ഒറ്റയ്ക്ക് നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും തൽക്കാലം സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്നും സി. കെ. ജാനു ന്യൂസ് മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം എൻഡിഎ വിട്ടതിന് പിന്നാലെയാണ് ജാനുവിൻ്റെ പ്രതികരണം.

എൻഡിഎയിൽ നിന്നും മുന്നണി എന്ന രീതിയിലുള്ള പരിഗണന ലഭിച്ചില്ല. നേതൃത്വത്തിന് നിരവധി പരാതി നൽകിയിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അമിത്ഷായുടെ കൈയിൽ തന്നെ പരാതി നൽകിയിരുന്നുവെന്നും ജാനു പറഞ്ഞു.

പട്ടികവർഗ പ്രദേശമാക്കണമെന്നുള്ള വ്യവസ്ഥ പാലിച്ചില്ല. ഘടക കക്ഷിയെന്ന രാഷ്ട്രീയ അംഗീകാരം ലഭിക്കേണ്ടതാണ്. രാജ്യസഭാ സീറ്റുകൾ അടക്കം പറഞ്ഞിരുന്നുവെങ്കിലും അതിൽ ഒരു നിലപാടും ഉണ്ടായില്ല. ഇനി തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടപെടൽ ഉണ്ടാകും. മറ്റ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. മറ്റ് പാർട്ടികളെ പിന്തുണയ്ക്കില്ലെന്നും ജാനു അറിയിച്ചു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്തും ജെആർപി ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്ക് എന്‍ഡിഎ പരിഗണന നല്‍കിയില്ലെന്ന് ജാനു വിമർശിച്ചിരുന്നു. 2016ലാണ് ജാനു സ്വന്തം പാർട്ടി രൂപീകരിച്ചത്. ബിഡിജെഎസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയായിരുന്നു പാർട്ടി രൂപീകരണം. എന്നാല്‍ പിന്നീട് ബിഡിജെഎസ് കൂടി ഉള്‍പ്പെട്ട എന്‍ഡിഎയില്‍ ചേരുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സി.കെ. ജാനു എന്‍ഡിഎ വിട്ടത്. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തിരുമാനം അറിയിച്ചത്. "ഒരു മുന്നണിയില്‍ നില്‍ക്കുക എന്നാല്‍ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണല്ലോ. കേന്ദ്രത്തിന്റെ ഒരു സംവിധാനത്തിലും ആ രീതിയിലുള്ള പരിഗണന നല്‍കിയില്ല," സി.കെ. ജാനു അറിയിച്ചിരുന്നു.

SCROLL FOR NEXT