KERALA

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ബാധ്യത; ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി രൂപയെന്നും സിഎജി റിപ്പോര്‍ട്ട്

കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവാണുണ്ടായത്. ചെലവില്‍ 8.97 ശതമാനം കൂടുതലായെന്നും റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ട്. ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി രൂപയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262 കോടി ക്രമ വിരുദ്ധമായി മാറ്റിയെന്നും സിഎജി റിപ്പോര്‍ട്ട്. ധന മാനേജ്‌മെന്റില്‍ പാളിച്ചയുണ്ടായി, ആഭ്യന്തര ഉത്പാദനം കുറഞ്ഞെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024- 25 സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്.

ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി രൂപയായിട്ടും കടമെടുപ്പ് തുടരുകയാണെന്നും തീര്‍പ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കുന്നതിനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയത്.

2024-25 ലെ 2684.44 കോടി അധിക ചെലവ് പൊതു കടം തിരിച്ചടവിനായാണ് ഉപയോഗിച്ചതെന്നും ഇത് ഹ്രസ്വകാല വായ്പാ തിരിച്ചടവിനുള്ള തിരിമറിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവ് കൂടി വരവില്‍ നേരിയ വര്‍ധനയുണ്ടായി.

അതേസമയം ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി വർധിച്ചുവെന്നും റവന്യു വരവില്‍ 0.30 ശതമാനത്തിന്റെ മാത്രം വളര്‍ച്ചയാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവാണുണ്ടായത്. ചെലവില്‍ 8.97 ശതമാനം കൂടുതലായി. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ക്കാണ് ചെലവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SCROLL FOR NEXT