രാഹുൽ മാങ്കൂട്ടത്തിൽ Source: Social Media
KERALA

"സിസിടിവി സംവിധാനത്തില്‍ ഇടപെട്ടിട്ടില്ല, വ്യാഴാഴ്ച രാഹുല്‍ ഫ്‌ളാറ്റില്‍ വന്നതായി അറിയില്ല"; എസ്‌ഐടിക്ക് മൊഴി നല്‍കി കെയര്‍ ടേക്കര്‍

സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്‌ഐടി.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിലെ കെയര്‍ ടേക്കറുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. കെയര്‍ ടേക്കറുടെ ഫ്‌ളാറ്റില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെ താന്‍ ഫ്‌ളാറ്റില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുല്‍ വ്യാഴാഴ്ച വൈകിട്ട് ഫ്‌ളാറ്റില്‍ എത്തിയതിനെക്കുറിച്ച് അറിവില്ലെന്നും കെയര്‍ ടേക്കര്‍ മൊഴി നല്‍കി.

സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്‌ഐടി. എന്നാല്‍ സിസിടിവി സംവിധാനത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും എസ്‌ഐടിക്ക് കെയര്‍ ടേക്കര്‍ മൊഴി നല്‍കി.

അതേസമയം പാലക്കാട്ട് നിന്ന് മാറി രാഹുല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പൊള്ളാച്ചിയില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് കോയമ്പത്തൂരേക്ക് പോയതായുമുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് എത്തുന്നതിന് മുമ്പ് രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം.

ഒളിവില്‍ കഴിയുന്ന രാഹുല്‍ പുതിയ ഫോണും പുതിയ നമ്പറും ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ എസ്‌ഐടി പൊള്ളാച്ചിയില്‍ എത്തിയിട്ടുണ്ട് എന്ന സൂചനയും പുറത്തു വരുന്നുണ്ട്.

രാഹുലിന്റെ സുഹൃത്തായ സിനിമാതാരത്തിന്റെ ചുവന്ന പോളോ കാര്‍ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പോളോ കാര്‍ ഉപയോഗിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

SCROLL FOR NEXT