ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ് 
KERALA

പിഞ്ചുകുഞ്ഞിന് ഓവർ ഡോസ്; ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ചികിത്സാ പിഴവ് ആരോപണം

ഡോക്ടർക്കെതിരെ ചികിത്സ പിഴവ് ആരോപണം

Author : ന്യൂസ് ഡെസ്ക്

ആലുവ: പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ഓവർഡോസ് മരുന്ന് നൽകിയതായി പരാതി. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയർന്നിട്ടുള്ളത്. ഓവർഡോസ് മരുന്ന് നൽകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി കുടുംബം ആരോപിച്ചു.

ഒരാഴ്ച മുൻപാണ് കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് (ഇമ്മ്യൂണൈസേഷൻ വാക്സിൻ) എടുക്കുന്നതിനായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തിയത്. കുത്തിവെപ്പിന് ശേഷം നൽകിയ പാരസെറ്റാമോൾ മരുന്നിൻ്റെ അളവ് കൂടിയതാണ് കുഞ്ഞിന് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് കുടുംബം പറയുന്നു.

കുഞ്ഞിൻ്റെ സ്ഥിതി ഗുരുതരമാവുകയും തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ അടിയന്തരമായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ കുഞ്ഞിൻ്റെ ചികിത്സയ്ക്കായി ഇതിനകം 80,000 രൂപ ചെലവഴിക്കേണ്ടി വന്നതായും മാതാപിതാക്കൾ വ്യക്തമാക്കി.

കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കൾ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മരുന്ന് ഓവർഡോസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുകയാണ്.

SCROLL FOR NEXT