ഇസ്മയിൽ Source: News Malayalam 24x7
KERALA

"എൻഎസ്എസ് ക്യാമ്പിനിടെ ലൈംഗികാതിക്രമം, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു"; താമരശേരിയിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥികൾ

താമരശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ഇസ്മയിലിനെതിരെ പൊലീസ് കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയിൽ പെൺകുട്ടികൾക്ക് നേരെ അധ്യാപകന്റെ ലൈംഗിക അതിക്രമം. താമരശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ഇസ്മയിലിനെതിരെ പൊലീസ് കേസെടുത്തു. എൻഎസ്എസ് ക്യാമ്പിൽ വെച്ച് വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. വിദ്യാർഥികളുടെ പരാതിക്ക് പിന്നാലെ ഇസ്മയിൽ ഒളിവിൽ പോയി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് താമരശേരി പൊലീസ്.

കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനിടെയാണ് എൻഎസ്എസ് ക്യാമ്പിൽ തങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷമാണ് താമരശേരി പൂക്കോട് സ്വദേശി ഇസ്മയിൽ സ്കൂളിൽ ചാർജെടുത്തത്. പിന്നാലെ ഇയാൾക്ക് എൻഎസ്എസിൻ്റെ ചുമതലയും നൽകി. ഡിസംബറിൽ നടന്ന എൻഎസ്എസ് ക്യാമ്പിനിടെ ഇയാൾ നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നും മോശമായി പെരുമാറിയിരുന്നെന്നുമാണ് കുട്ടികൾ പരാതിയിൽ പറയുന്നു.

എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത മൂന്നു കുട്ടികളാണ് കൗൺസിലിങ്ങിനിടെ തങ്ങൾ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. പിന്നാലെ ഇസ്മയിലിൽ നിന്ന് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചു. താമരശേരി പൊലീസ് കേസ് എടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി താമരശേരി പൊലീസ് അറിയിച്ചു.

SCROLL FOR NEXT