മലപ്പുറം: കാളികാവ് മലമ്പാമ്പിനെ പിടികൂടിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. അമ്പലക്കടവ് സ്വദേശി ഹമീദിനെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി മലമ്പാമ്പിനെ പിടികൂടിയതിനാണ് കേസ്.
കാളികാവ് ചാഴിയോട് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. മലമ്പാമ്പിനെ പിടികൂടുന്നതിനിടയിൽ യുവാവിന് കടിയേൽക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.
ഇന്ത്യന്‍ വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ ഒന്നിൽ ഉള്‍പ്പെടുത്തിയിട്ടുള്ള വന്യജീവിയാണ് കേരളത്തിലെ മലമ്പാമ്പ്. ഇന്ത്യന്‍ റോക്ക് പൈത്തണ്‍ എന്നറിയപ്പെടുന്ന ഈ ഇനം ഇന്ത്യന്‍ വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട്, 1972 പ്രകാരം സംരക്ഷിക്കപ്പെട്ട ജീവിയാണ്. കടുവ, ആന തുടങ്ങിയ ജീവികള്‍ക്ക് ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം മലമ്പാമ്പിനും ലഭിക്കും. ഇവയെ വേട്ടയാടുന്നതും കൊല്ലുന്നതും നിയമവിരുദ്ധമാണ്.