അപകടത്തിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

വാഹനാപകടത്തിന് പിന്നാലെ ശബരിമല തീർഥാടകരെ മർദിച്ചെന്ന് പരാതി; കോന്നിയിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ഞായറാഴ്ച രാത്രി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൂത്തുക്കുടി സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല തീർഥാടകരെ മർദിച്ചു എന്ന പരാതിയിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൂത്തുക്കുടി സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പൂവൻപാറയിൽ വച്ച് തീർഥാടകരെ നാട്ടുകാരിൽ ചിലർ മർദിച്ചതായാണ് പരാതി.

ശബരിമല തീർഥാടനം കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്നു തൂത്തുക്കുടിയിൽ നിന്നുള്ള അഞ്ചംഗ തീർഥാടകസംഘം. വാഹനത്തിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതോടെ കോന്നി പൂവൻപ്പാറയിൽ വച്ച് തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചായിരുന്നു അപകടം.

ഇതിന് പിന്നാലെ ചിലർ അയ്യപ്പഭക്തരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തന്നായിരുന്നു ആരോപണം. ഇതേതുടർന്ന് അയ്യപ്പഭക്തർ കോന്നി പൊലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ ബിഎൻഎസ് പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കോന്നി പൊലീസ് കേസെടുത്തു. തീർഥാടകരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി വൈകിയും ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയിരുന്നു.

SCROLL FOR NEXT