പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലാണ് സ്കൂളിനെതിരായ കണ്ടെത്തലുകൾ. പീഡനവിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്കൂൾ അധികൃതർ മറച്ചുവച്ചു. പ്രതിയായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് പറയുന്നു. കേസിൽ എഇഒയോട് ഡിഡിഇ റിപ്പോർട്ട് തേടി.സ്കൂളിൻ്റെ ഭാഗത്തെ വീഴ്ചയിൽ ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.
ഡിസംബർ 18 ന് വിദ്യാർഥി സഹപാഠിയോട് തുറന്നു പറച്ചിൽ നടത്തി. അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞു.19 ന് അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ കാര്യം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകി. ചൈൽഡ് ലൈനിൽ പരാതി നൽകിയത് പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ്. സ്കൂളിലെ പ്രഥമധ്യാപകൻ, മാനേജ്മെന്റ് പ്രതിനിധികളെയും പാലക്കാട് സബ് ഡിവിഷണൽ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകും.
കഴിഞ്ഞ നവംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടി സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്. എസ്‌സി വിഭാഗത്തിൽപെട്ട കുട്ടിയാണ് പീഡനത്തിനിരയായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അധ്യാപകനെ പിടികൂടിയത്.