മേഘ കണ്‍സ്ട്രക്ഷന്‍സ് Source: News Malayalam 24x7
KERALA

ദേശീയപാത നവീകരണത്തിനിടെ മണ്ണിടിച്ച് കടത്തിയ കേസ്: പിഴയ്‌ക്കെതിരെ വ്യവസായ വകുപ്പിനെ സമീപിക്കാന്‍ മേഘ കൺസ്ട്രക്ഷൻസ്

താലൂക്ക് സർവേയർക്കു സ്ഥലം അളന്നതിൽ തെറ്റുപറ്റിയെന്നാണ് കമ്പനിയുടെ വാദം

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ദേശീയപാത നവീകരണത്തിനിടെ മണ്ണിടിച്ച് കടത്തിയ കേസിലെ പിഴയ്‌ക്കെതിരെ വ്യവസായ വകുപ്പിനെ സമീപിക്കാനൊരുങ്ങി മേഘ കൺസ്ട്രക്ഷൻസ്. ഇക്കാര്യമറിയിച്ച് ജിയോളജി വകുപ്പിന് കത്ത് നൽകി. കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങിനിടെയാണ് കത്ത് നൽകിയത്. താലൂക്ക് സർവേയർക്കു സ്ഥലം അളന്നതിൽ തെറ്റുപറ്റിയെന്നാണ് കമ്പനിയുടെ വാദം.

മേഘ കൺസ്ട്രക്ഷൻ കമ്പനി മൂന്നാം റീച്ചിലെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത് മുതൽ തന്നെ വീരമലക്കുന്നിൽ നിന്ന് വ്യാപകമായി മണ്ണിടിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ജിയോളജി വകുപ്പ് പരിശോധന നടത്തി. ഹൊസ്ദുർഗ് തഹസിൽദാർ നടത്തിയ പരിശോധനയിൽ അനുവദിച്ച 65,000 ക്യൂബിക് മീറ്ററിലും കൂടുതൽ മണ്ണ് ഖനനം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താലൂക്ക് സർവെയർ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഘാ കൺസ്ട്രക്ഷൻ കമ്പനിയോട് 1.16 കോടി രൂപ പിഴയൊടുക്കാൻ നിർദേശിച്ചു.

എന്നാൽ, താലൂക്ക് സർവേയർക്കു സ്ഥലം അളന്നതിൽ തെറ്റുപറ്റിയെന്നാണു മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ വാദം. ഇക്കാര്യമറിയിച്ചു പിഴയൊടുക്കാനുള്ള അവസാന തീയതിയായ കഴിഞ്ഞ മാസം 14ന് മുൻപ് ജിയോളജി വകുപ്പിനു കമ്പനി കത്തു നൽകിയിരുന്നു. ഇതോടെയാണ് ഹിയറിങ് വയ്ക്കാൻ വകുപ്പ് തീരുമാനിച്ചത്. അപ്പീലിൽ പിഴയ്ക്ക് സ്‌റ്റേ അനുവദിച്ചാലും പിഴത്തുകയുടെ 10 ശതമാനം കമ്പനി കെട്ടിവയ്ക്കണം. പിന്നീട് തെളിവെടുപ്പ് നടത്തി അവസാന ഉത്തരവിറക്കും വരെ നടപടികൾ നീളും.

കമ്പനി പ്രതിനിധികൾ, ജിയോളജി വകുപ്പ്, സർവേയർ എന്നിവരിൽ നിന്ന് വിവരം ശേഖരിച്ചാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക. നേരത്തെ ചാലിങ്കാലിൽ മണ്ണ് തുരന്നെടുത്തത് കണ്ടെത്തിയെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മേഘ കൺസ്ട്രക്ഷൻ കമ്പനി തയ്യാറായിരുന്നില്ല.

SCROLL FOR NEXT