KERALA

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

അതീജീവിത പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. വലിയമല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് എഫ്ഐആർ പ്രകാരമാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ലൈംഗിക പീഡനം എന്നിവ പ്രകാരമാണ് കേസെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഹർജിയിൽ തീരുമാനമായ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാൽ മതിയെന്ന നിലപാടാണ് പൊലീസിനുള്ളത്. അതീജീവിത പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പരാതിക്ക് അടിസ്ഥാനമായ നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

താൻ കുറ്റം ചെയ്തിട്ടില്ലെന്നും ആ ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും ആയിരുന്നു രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം, നിരവധി പേരാണ് രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരത്തിൽ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്ന് എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം.

പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല. എംഎൽഎ സ്ഥാനത്തെപ്പറ്റി ഇപ്പോൾ തീരുമാനം എടുക്കില്ലെന്നുമായിരുന്നു കെ. മുരളീധരൻ പറഞ്ഞത്. വിഷയം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതാണ്.  രാഹുൽ നിയമ നടപടികൾക്ക് വിധേയമാകട്ടെ. നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെ പോകട്ടെയെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

രാഹുൽ മനോനില തെറ്റിയ കുറ്റവാളി ആണെന്നും, അന്തസ്സുണ്ടെങ്കിൽ കോൺഗ്രസ് നേതൃത്വം രാഹുലിനെ രാജിവയ്പ്പിക്കണമെന്നുമായിരുന്നു ബിജെപി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞത്. സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളിൽ വലിയ വായിൽ സംസാരിക്കുന്നവരാണ് കോൺഗ്രസ്. ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുൽ അർഹനല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. ഇപ്പോൾ തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. പരാതികൾ ഇനിയും വരും. രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നായിരുന്നു എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

SCROLL FOR NEXT