KERALA

തൊഴിലാളികൾക്ക് കൂലി പോലും നൽകാനില്ല; കശുവണ്ടി വികസന കോർപ്പറേഷൻ പ്രവർത്തനം പ്രതിസന്ധിയിൽ

പുതിയ മാനേജിങ്ങ് ഡയറക്ടറുടെ പരിചയക്കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ആക്ഷേപം

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷൻ്റെ പ്രവർത്തനം പ്രതിസന്ധിയിൽ. കശുവണ്ടി പരിപ്പ് വിറ്റഴിക്കാൻ കഴിയാതെ കെട്ടികിടക്കുന്നതിന് പുറമെ തൊഴിലാളികൾക്ക് കൂലി പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കോർപ്പറേഷൻ . പുതിയ മാനേജിങ്ങ് ഡയറക്ടറുടെ പരിചയക്കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ആക്ഷേപം.

പതിനായിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി വികസന കോർപ്പറേഷൻ്റെ പ്രവർത്തനം ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. ടെൻഡർ നടപടി മുടങ്ങിയതോടെ മൂന്ന് ലക്ഷം കിലോയോളം കശുവണ്ടി പരിപ്പ് കെട്ടികിടക്കുന്നു . വിദേശത്ത് നിന്ന് തുറമുഖത്ത് എത്തിയ തോട്ടണ്ടി , സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എടുക്കാത്ത സ്ഥിതിയുമുണ്ട്. തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയ സാഹചര്യം വരെ ഉണ്ടായി. കോർപ്പറേഷന്റെ പ്രവർത്തനം കൃത്യമായ മേൽനോട്ടത്തിൽ അല്ലെന്നാണ് ആരോപണം. ഒക്ടോബറിൽ ചുമതലയേറ്റിട്ടും പുതിയ മാനേജിങ്ങ് ഡയറക്ടർ ഹെഡ് ഓഫീസിൽ എത്തിയിട്ടില്ലെന്നും ആക്ഷേപം ഉണ്ട്.

ഓരോ പത്ത് ദിവസത്തിലും കോർപ്പറേഷൻ്റെ മേൽനോട്ടത്തിൽ രണ്ട് ലക്ഷം കിലോ പരിപ്പ് പ്രോസസ് ചെയ്ത് വിൽപ്പന നടത്താറുണ്ട്. കഴിഞ്ഞ ആഴ്ച വിൽപ്പന മുടങ്ങിയതോടെ , തൊഴിലാളികൾ പ്രതിസന്ധിയിലായി.തോട്ടണ്ടി വാങ്ങി പ്രോസസ് ചെയ്ത് പരിപ്പാക്കിയ ശേഷം , ഇ - ടെൻഡർ വഴി വിൽപ്പന നടത്തുന്ന സ്ഥാപനത്തിൽ മേൽനോട്ടത്തിന് ആളില്ലാത്ത സ്ഥിതി മൂലം പ്രവർത്തനം പൂർണ സ്തംഭനത്തിലാകും. ഫലത്തിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കശുവണ്ടി വികസന കോർപ്പറേഷൻ കടന്ന് പോകുന്നത്.

SCROLL FOR NEXT