സി.സി. മുകുന്ദൻ Source: Facebook / C C Mukundhan
KERALA

കളവ് ചെയ്ത പിഎയെ പാർട്ടി സംരക്ഷിക്കുന്നു, സമ്മേളനത്തിൽ തന്നെ ടാർഗറ്റ് ചെയ്ത് ചർച്ച നടന്നു: സി.സി. മുകുന്ദൻ

പാർട്ടി സ്ഥാനം നഷ്ടമായതല്ല ഇപ്പോഴത്തെ വലിയ പ്രശ്നം വീടിൻ്റെ ജപ്തി ഭീഷണിയാണെന്നും എംഎൽഎ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയതല്ലെന്ന വാദം ആവർത്തിച്ച് സി.സി. മുകുന്ദൻ എംഎൽഎ. ചില ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് പോന്നത്. മരണം വരെ പാർട്ടിയിൽ തുടരുമെന്നും സി.സി. മുകുന്ദൻ പറഞ്ഞു. കഴിഞ്ഞദിവമാണ് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ എംഎൽഎയെ ജില്ലാ കൗൺസിൽ നിന്നും ഒഴിവാക്കിയത്. അതേസമയം, കളവ് ചെയ്ത തൻ്റെ പിഎയെ പാർട്ടി സംരക്ഷിക്കുകയാണെെന്നും മുൻ പിഎ മസൂദ് കള്ള ഒപ്പിട്ട് സർക്കാരിൽ നിന്നും പണം തട്ടിയെന്നും എംഎൽഎ ആരോപിച്ചു. ഇക്കാര്യം പാർട്ടി അറിഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നും സി.സി. മുകുന്ദൻ പറഞ്ഞു.

"എൻ്റെ ആദ്യ പിഎ ലെറ്റർ പാഡുകൾ ദുരുപയോഗം ചെയ്തു. തൻ്റെ വ്യാജ ഒപ്പിട്ട് അനുകൂല്യങ്ങൾ പറ്റി. ഇതിനെതിരെ അന്വേഷണം നടക്കുകയാണ്. പാർട്ടിയെ അറിയിച്ചു. പക്ഷെ പരിഹാരം ഉണ്ടായില്ല. കളവ് ചെയ്ത പിഎയെ പാർട്ടി സംരക്ഷിക്കുകയാണ്. മസൂദ് കെ. വിനോദിന് പാർട്ടിയുടെ സംരക്ഷണം ലഭിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. തനിക്കെതിരെ ടാർജറ്റ് ചെയ്തു സമ്മേളനത്തിൽ വ്യക്തിപരമായ ചർച്ച നടന്നു", സി.സി. മുകുന്ദൻ.

പാർട്ടി സ്ഥാനം നഷ്ടമായതല്ല ഇപ്പോഴത്തെ വലിയ പ്രശ്നം വീടിൻ്റെ ജപ്തി ഭീഷണിയാണെന്നും എംഎൽഎ പറഞ്ഞു. വീട് കടംകേറി ജപ്തിയിലായി. സാമ്പത്തിക പ്രതിസന്ധി മൂലം ലോൺ അടക്കാൻ കഴിയുന്നില്ല. എംഎൽഎ ആയതുകൊണ്ട് മാത്രമായിരിക്കാം വീട് ജപ്തി ചെയ്യാത്തത്. എംഎൽഎ സ്ഥാനത്തേക്കാൾ വീട് ജപ്തിയിലായതാണ് തൻ്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാർട്ടി അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന മുകുന്ദനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കിയിരുന്നു. കെ.ഇ. ഇസ്മായിലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുകുന്ദൻ ഇസ്മായിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നവകേരള സദസിൻ്റെ സംഘാടനവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയും മുകുന്ദൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എംഎൽഎയുമായി ബന്ധപ്പെട്ട നിരന്തര പരാതികളെ തുടർന്നാണ് നടപടി.

SCROLL FOR NEXT