സി.സി. മുകുന്ദൻ Source: Facebook / C C Mukundhan
KERALA

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി സി.സി. മുകുന്ദൻ; അഭിപ്രായം പറഞ്ഞു പോരുകയായിരുന്നുവെന്ന് വിശദീകരണം

തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്

Author : ന്യൂസ് ഡെസ്ക്

സിപിഐ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞ് നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ. തൃശൂർ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ അഭിപ്രായം പറഞ്ഞ് ഇറങ്ങിയതെന്നാണ് എംഎൽഎയുടെ വിശദീകരണം. ഇറങ്ങിപ്പോയതല്ല തന്റെ അഭിപ്രായം പറഞ്ഞു പോരുകയായിരുന്നുവെന്ന് മുകുന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ജില്ലാ കൗൺസിലിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ വിഷമമില്ല. ഇറങ്ങിപ്പോയതല്ല തന്റെ അഭിപ്രായം പറഞ്ഞു പോരുകയായിരുന്നു. കള്ള ഒപ്പിട്ട് തന്നെ പറ്റിച്ച് പണം തട്ടിയ പി.എയ്ക്ക് എതിരെ പരാതി ഇല്ലെന്ന് പറയാൻ നേതൃത്വം ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നും അയാളെ വിളിച്ച് അന്വേഷിച്ച് പാർട്ടി നടത്തി സ്വീകരിക്കണമെന്നും താൻ ആവശ്യപ്പെട്ടു. അഴിമതിക്കാരെ പാർട്ടിയിൽ നിലനിർത്താൻ പറ്റില്ല. വി.എസ്. സുനിൽകുമാറും ജില്ലാ സെക്രട്ടറിയും അടക്കമുള്ളവർ തനിക്കെതിരായി സംസാരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങൾ സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. അവരുടേതായ ആളുകൾ വരാൻ വേണ്ടിയാണ് തന്നെ ഒഴിവാക്കിയത്. സിപിഐക്കാരനായി തന്നെ തുടരും", സി.സി. മുകുന്ദൻ.

ജില്ലാ സമ്മേളനത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കിയത്. നേരത്തെ പാർട്ടി അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന മുകുന്ദനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കിയിരുന്നു. കെ.ഇ. ഇസ്മായിലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുകുന്ദൻ ഇസ്മായിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നവകേരള സദസിൻ്റെ സംഘാടനവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയും മുകുന്ദൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എംഎൽഎയുമായി ബന്ധപ്പെട്ട നിരന്തര പരാതികളെ തുടർന്നാണ് നടപടി.

SCROLL FOR NEXT