KERALA

"സി.സി. മുകുന്ദൻ്റേത് രാഷ്ട്രീയ പാപ്പരത്തം, എൽഡിഎഫിനെ ബാധിക്കില്ല"; വിമർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി | FIRST ON NEWS MALAYALAM

"സ്ഥാനാർഥിയും എംഎൽഎയും ആക്കിയത് സിപിഐയും ഇടതുപക്ഷവും ആണെന്ന് അദ്ദേഹം മറന്നുപോയി"

Author : ന്യൂസ് ഡെസ്ക്

തൃശൂർ: യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം. സി.സി. മുകുന്ദൻ്റേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ആഞ്ഞടിച്ചു.

തന്നെ സ്ഥാനാർഥിയും എംഎൽഎയും ആക്കിയത് സിപിഐയും ഇടതുപക്ഷവും ആണെന്ന് അദ്ദേഹം മറന്നുപോയി. സ്വന്തം പാർട്ടിക്കും മുന്നണിക്കും എതിരെ സംസാരിക്കുന്ന മുകുന്ദൻ എതിരാളികളുടെ കയ്യിലെ കളിപ്പാവയായി. വലതു കൂടാരത്തിൽ അഭയം തേടാനുള്ള സി.സി. മുകുന്ദൻ്റെ നീക്കം ഒരു തരത്തിലും എൽഡിഎഫിനെ ബാധിക്കില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന സിപിഐ നേതാവായ സി.സി. മുകുന്ദൻ ഇന്ന് വ്യക്തമാക്കിയിരുന്നു. വേണ്ടി വന്നാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് സി.സി. മുകുന്ദൻ അറിയിച്ചു. ആരാണ് തന്നെ വെട്ടിയതെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും പാർട്ടിയിൽ തനിക്കെതിരെ കോക്കസ് ഉണ്ടെന്നും മുകുന്ദൻ വ്യക്തമാക്കി. നാട്ടിക സീറ്റ്‌ പേയ്‌മെൻ്റ് സീറ്റ്‌ ആണെന്ന ആരോപണവും മുകുന്ദൻ ആവർത്തിച്ചു.

നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി ഗീതാ ഗോപിയെ പരിഗണിക്കുന്നതിൽ സി.സി. മുകുന്ദൻ എംഎൽഎ അതൃപ്തി അരിയിച്ചിരുന്നു. ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിലും, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിനാലുമാണ് അതൃപ്തി അറിയിച്ചത്.

ഗീത ഗോപി ഒഴികെ ആരെയും മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയാൽ അംഗീകരിക്കുമെന്നും, അവരുടെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടാണ് തന്നെ പകരം സ്ഥാനാർഥിയാക്കിയതെന്നും മുകുന്ദൻ പറഞ്ഞിരുന്നു. എംഎൽഎ എന്ന നിലയിൽ താൻ മികച്ച പ്രകടനങ്ങളാണ് മണ്ഡലത്തിൽ കാഴ്ചവച്ചത്. അത് സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT