രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. രാഹുൽ മുങ്ങിയ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തത്. അപ്പാർട്ട്മെൻ്റിലെ കെയർ ടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തതാണെന്നാണ് സംശയം.
ഡിവിആർ എസ്ഐടികസ്റ്റഡിയിലെടുത്തു. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന വിവരം പൊലീസ് തള്ളി. രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമാണിതെന്നാണ് വിലയിരുത്തൽ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തൽ.
തൃശൂർ,പാലക്കാട്, കോയമ്പത്തൂർ ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രധാനമായും പാലക്കാട് തന്നെയാണ് പരിശോധിക്കുക. രാഹുലിനെ തിരയാനും കൂടുതൽ പൊലീസ് സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യാനും സംശയമുള്ളിടങ്ങളിൽ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഇന്നലെ പാലക്കാട്ടെ ഫ്ലാറ്റിലെത്തിയ എസ്ഐടി സംഘത്തിന് അതിൻ്റെ ദൃശ്യങ്ങൾ കണ്ടെടുക്കാനായിരുന്നില്ല. ബാക്ക്അപ്പ് കുറവുള്ളതിനാൽ അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിൽ എത്തിയതായി പറയപ്പെടുന്ന മെയ് മാസത്തിലെ ദൃശ്യങ്ങൾ ഡിവിആറിൽ നിന്നും റിമൂവ് ആയിരുന്നു. കൂടുതൽ തെളിവുകൾക്കായി ഫ്ലാറ്റിന് സമീപമുള്ള മറ്റ് സിസിടിവി ദൃശ്യങ്ങൾ കൂടി ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി.