ആലപ്പുഴ: ചേർത്തല താലൂക്ക് ഓഫീസിൽ സീലിങ് അടർന്നുവീണു. ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം ജീവനക്കാർ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഓഫീസിനുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ വാട്ടർ ടാങ്കിന് താഴെയുള്ള ഭാഗമാണ് അടർന്നുവീണത്. ടാങ്കിൽ നിന്നും വെള്ളം ചോർന്ന് കോൺക്രീറ്റ് ദ്രവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ ഇതിനുമുൻപും സമാനമായ അപകടം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഓഫീസിനുള്ളിൽ ജീവനക്കാരടക്കം നിരവധി ആളുകൾ അപകടം സമയത്ത് ഉണ്ടായിരുന്നു.
അപകടത്തെ തുടർന്ന് ജീവനക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും, കോൺക്രീറ്റ് പാളികൾ അടർന്നുവീണ സ്ഥലത്ത് താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലും ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നും ആവിശ്യം ഉയർന്നിട്ടുണ്ട്.