സിനിമയുടെ പേരും സെൻസർ ചെയ്യാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നടപടിക്കെതിരെ കേന്ദ്രമന്ത്രിയെ കാണാൻ ദക്ഷിണേന്ത്യൻ സിനിമാ സംഘടനകൾ. സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ഡിസംബർ ആദ്യ ആഴ്ച മന്ത്രിയെ കാണാനാണ് നീക്കം. അനുകൂല നടപടി ഇല്ലെങ്കിൽ നിയമ വഴി തേടുമെന്ന് സംഘം മന്ത്രിയെ അറിയിക്കും.
സിനിമയുടെ പേര് സെൻസർ ചെയ്യുമെന്ന നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് സിഇഒ രാജേന്ദ്ര സിംഗിന് സിനിമാ സംഘടനകൾ കത്തയച്ചിരുന്നു. മൂന്നാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ നേരിട്ട് കാണാൻ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ തീരുമാനിച്ചത്.ഡിസംബർ ആദ്യവാരം തന്നെ വാർത്താപ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കാണാനാണ് സിനിമ സംഘടനകളുടെ ശ്രമം.
ഈ വർഷം തന്നെ മാർഗ്ഗനിർദ്ദേശത്തിൽ തിരുത്തൽ വേണമെന്ന് സംഘടനകൾ ആവശ്യപ്പെടും. സെൻസർ ബോർഡിന്റെ അനാവശ്യ കൈകടത്തലുകൾ നിയന്ത്രിക്കണമെന്ന ആവശ്യവും സിനിമ സംഘടനകൾ ഉന്നയിക്കും. കേരളത്തിൽനിന്ന് ഫിലിം ചേംബർ പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ളവർ മന്ത്രിയെ കാണാനാണ് നീക്കം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് പോകുമെന്നതും മന്ത്രിയെ അറിയിക്കും. ഒക്ടോബർ 26നാണ് സിനിമ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സെൻസർ ബോർഡ് പുറത്തിറക്കിയത്. 18 അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനസംഘടിപ്പിച്ചതിന് പിന്നാലെ ആയിരുന്നു നടപടി.
സിനിമകളുടെ പേര് മുൻകൂട്ടി നിശ്ചയിക്കാൻ ആകില്ലെന്നും പേരു മാറ്റാൻ ബോർഡിന് അധികാരം ഉണ്ടെന്നും മാർഗനിർദ്ദേശത്തിൽ ഉണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുമ്പോൾ തന്നെ പ്രൊമോഷൻ നടപടികളും തുടങ്ങുന്നതിനാൽ, പിന്നീട് പേരുമാറ്റുന്നത് വലിയ ധനഷ്ടം ഉണ്ടാക്കും എന്നതാണ് സിനിമാ സംഘടനകളുടെ എതിർപ്പിന് കാരണം. വിഷയം ചർച്ച ചെയ്യാൻ പലതവണ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓൺലൈനിലൂടെ യോഗം ചേർന്നിരുന്നു. ഏറ്റവും ഒടുവിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രമന്ത്രിയെ നേരിട്ട് കാണാൻ തീരുമാനിച്ചത്.