സംസ്ഥാനത്തെ ജയിലുകളിൽ പരമാവധിയിലും അധികം തടവുകാർ Source: News Malayalam 24x7
KERALA

തിങ്ങി നിറഞ്ഞ് സെൻട്രൽ ജയിലുകൾ; സംസ്ഥാനത്തെ ജയിലുകളിൽ പരമാവധിയിലും അധികം തടവുകാർ

സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ പരമാവധി ശേഷിയുടെ ഇരട്ടിയോളമോ അധിലധികമോ തടവുകാരെയാണ് ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.

Author : ന്യൂസ് ഡെസ്ക്

തിങ്ങി നിറഞ്ഞ് സംസ്ഥാനത്തെ സെൻട്രൽ ജയിലുകൾ. പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നീ മൂന്ന് സെൻട്രൽ ജയിലുകളിലും പരമാവധിയിലും അധികം തടവുകാരാണ് നിലവിലുള്ളത്. തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി എവിടെയും ജീവനക്കാരില്ല. ആവശ്യമുള്ള ജീവനക്കാർ പോലും പല ജയിലുകളിലും ഇല്ലാത്തപ്പോഴാണ് തടവുകാരുടെ എണ്ണത്തിലെ ഈ വർധന.

ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിലെ സുരക്ഷാ വീഴ്ച ചർച്ചയാകുന്നത്. സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ പരമാവധി ശേഷിയുടെ ഇരട്ടിയോളമോ അതിലധികമോ തടവുകാരെയാണ് ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. മൂന്ന് സെൻട്രൽ ജയിലുകളിലും പരമാവധിയിലും അധികമാണ് തടവുകാരുടെ എണ്ണം.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 727 പേരെ പാർപ്പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ അവിടെ ഇപ്പോഴുള്ളത് 1589 തടവുകാരാണ്. തൃശൂർ വിയ്യൂരിൽ 553 ആണ് പരമാവധി തടവുകാരുടെ ശേഷി. എന്നാൽ, 1117 തടവുകാരാണ് നിലവിലുള്ളത്. കണ്ണൂരിൽ 948 തടവുകാർക്കുള്ള ശേഷിയാണുള്ളത്. എന്നാൽ, നിലവിലുള്ളത് 1113 തടവുകാരാണ്.

സബ് ജയിലുകളിലും വനിതാ ജയിലുകളിലുമെല്ലാം ഇത് തന്നെയാണ് സ്ഥിതി. തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി ജയിലുകളിൽ ജീവനക്കാരില്ല എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ആവശ്യമായത്ര ജീവനക്കാരില്ലാതെയാണ് പല ജയിലുകളുടെയും പ്രവർത്തനം. ഇതോടെ തടവുകാരെ നിരീക്ഷിക്കുന്നതുൾപ്പെടെ പ്രതിസന്ധിയിലാണ്. തടവുകാരുടെ ക്ഷേമം ഉറപ്പുവരുത്തൽ ഭക്ഷണ വിതരണം തുടങ്ങിയവയെയും എണ്ണക്കൂടുതൽ ബാധിക്കുന്നുണ്ട്.

SCROLL FOR NEXT