Source: News Malayalam 24x7
KERALA

വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കുറ്റപത്രത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

സിവിൽ ഏവിയേഷൻ സുരക്ഷ നിയമലംഘനം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. സിവിൽ ഏവിയേഷൻ സുരക്ഷ നിയമലംഘനം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കേസിലെ തുടർനടപടികൾ ആരാഞ്ഞ് ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു.

2002 ജൂൺ പതിമൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി. പി. ഫർസിൻ മജീദ്, ആർ. കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. പിന്നീട് ഗൂഢാലോചന കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കെ. എസ്. ശബരിനാഥനെയും പ്രതിചേർത്തിരുന്നു.

വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾക്ക് പുറമെ, സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിലെയും എയർക്രാഫ്റ്റ് നിയമത്തിലെയും വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ നാലോ അഞ്ചോ ആഴ്ച യാത്രാ വിലക്ക് മാത്രം ചുമത്താവുന്ന കുറ്റങ്ങളാണ് പ്രതികൾ നടത്തിയതെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. ഇതിനാലാണ് സംഭവം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും പൊലീസിന് കുറ്റപത്രം നൽകാനാകാത്തത്.

പലതവണ സംസ്ഥാന സർക്കാർ കത്തയച്ചെങ്കിലും കേന്ദ്രം കുറ്റപത്രത്തിന് അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞദിവസമാണ് കുറ്റപത്രത്തിന് അനുമതി നൽകാനാകില്ലെന്ന് കാട്ടി കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന് കത്തയച്ചത്. ഇതോടെ കേസിൻ്റെ തുടർ നടപടികൾ വിശദമാക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരറിന് കത്തയച്ചു. ഇതോടെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധ കേസ് ദുർബലമാകുമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

SCROLL FOR NEXT