പത്തനംതിട്ട: ലൈംഗിക വിവാദങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ അസാധാരണ വാദങ്ങളുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മറ്റുപലരെയും പോലെ രാഹുൽ മാങ്കൂട്ടത്തിലിനെയും ക്രൂശിക്കുന്നു. എഐ കാലഘട്ടത്തിൽ ആരെക്കുറിച്ചും എന്തും നിർമിച്ചെടുക്കാൻ പറ്റുമെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുലിൻ്റേതായി പുറത്തുവന്ന കോൾ റെക്കോർഡുമായി ബന്ധപ്പെട്ടായിരുന്നു യുഡിഎഫ് കൺവീനറിന്റെ വിചിത്ര ന്യായീകരണം.
ഇത് എഐയുടെ കാലമാണെന്നും ആരെക്കുറിച്ചും എന്തും ഏതുതരത്തിലും നിർമ്മിച്ചെടുക്കാൻ പറ്റുമെന്നുമുള്ള വാദമാണ് അടൂർ പ്രകാശ് ഉയർത്തിയത്. പലരെയും ക്രൂശിക്കുന്നതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെയും ക്രൂശിക്കുകയാണ്. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അഭിനന്ദനാർഹം. രാഹുൽ നിയമസഭയിൽ വരരുതെന്ന് പറയാനുള്ള അവകാശം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഡിവൈഎഫ്ഐക്കും ഇല്ലെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു.
ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രവർത്തിക്കുന്ന പാർട്ടി എന്നുള്ള നിലയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വനിതാ നേതാക്കൾക്കുണ്ട്. പക്ഷേ ആത്യന്തികമായി തീരുമാനം എടുക്കുന്നത് പാർട്ടിയാണ് എന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രെംബ്രാഞ്ച് എടുത്ത കേസിൽ ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. പുതിയ അന്വേഷണസംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് സംഘത്തിലുള്ളവർ. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്‌പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല ഉണ്ടായിരുന്നത്.
ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.