KERALA

ചമ്പക്കുളം ജലോത്സവത്തില്‍ രാജ പ്രമുഖന്‍ ട്രോഫി ഉയര്‍ത്തി ചെറുതന പുത്തന്‍ ചുണ്ടന്‍

ന്യൂ ചെറുതന ബോട്ട് ക്ലബ്ബിനുവേണ്ടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് ചെറുതന ചുണ്ടനില്‍ തുഴയെറിഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

കേരളത്തില്‍ വള്ളംകളി കാലത്തിന് തുടക്കം കുറിച്ച് മൂലം ചമ്പക്കുളം ജലോത്സവം. 2025ലെ രാജ പ്രമുഖന്‍ ട്രോഫി ഉയര്‍ത്തി ചെറുതന പുത്തന്‍ ചുണ്ടന്‍. പമ്പയാറ്റില്‍ ആവേശത്തിന്റെ ഓളങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇത്തവണത്തെ മൂലം ചമ്പക്കുളം ജലോത്സവം സമാപിച്ചത്.

ന്യൂ ചെറുതന ബോട്ട് ക്ലബ്ബിനുവേണ്ടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് ചെറുതന ചുണ്ടനില്‍ തുഴയെറിഞ്ഞത്. ഒന്നാം ഹീറ്റ്‌സില്‍ വള്ളപ്പാടുകള്‍ക്ക് അകലെ തുടര്‍ന്ന മുന്നേറ്റം ഫൈനലിലും തുടരാന്‍ ചെറുതന ചുണ്ടനായി. ചമ്പക്കുളം ചുണ്ടനിലൂടെ ചമ്പക്കുളം ബോട്ട് ക്ലബ് രണ്ടാം സ്ഥാനത്തും ആയാപറമ്പ് വലിയ ദിവാന്‍ജിയിലൂടെ നിരണം ബോട്ട് ക്ലബ്ബ് മൂന്നാം സ്ഥാനത്തും എത്തി.

വെയ്പ് എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് ഫാന്‍സ് തുഴഞ്ഞ അമ്പലക്കടവന്‍ ജേതാക്കളായി. കൊണ്ടാക്കല്‍ ബോട്ട് ക്ലബ്ബ് നീറ്റിലിറക്കിയ പി ജി കരിപ്പുഴ വയ്പ് ബി ഗ്രേഡ് വള്ളങ്ങളില്‍ ഒന്നാം സ്ഥാനവും നേടി.

ഹീറ്റ്‌സ് മത്സരത്തില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഫൈനല്‍ പ്രവേശനം നഷ്ടമായ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി ആയാപ്പറമ്പ് പാണ്ടിയിലൂടെ ലൂസേഴ്‌സ് ഫൈനലില്‍ വിജയികളായി. പണിമുടക്ക് ദിവസവും പമ്പയാറ്റിന്റെ ഇരുകരയിലും തടിച്ചുകൂടിയ ജനങ്ങള്‍ സംഘാടകര്‍ക്ക് നിയന്ത്രിക്കാവുന്നതിലുമപ്പുറമായിരുന്നു.

ചമ്പക്കുളം ഒരു ട്രയല്‍ റണ്‍ മാത്രമാണ്. ജലപ്പരപ്പിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്കായി ക്ലബ്ബുകളും ചുണ്ടന്‍ വള്ളങ്ങളും തയ്യാറെടുക്കുകയാണ്

SCROLL FOR NEXT