കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിലും പരിസരത്തും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു. ചാണക വെള്ളമല്ലെങ്കിലും പച്ച വെള്ളം തളിക്കേണ്ട ആവശ്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
മറ്റു പഞ്ചായത്തുകളില്‍ നടത്താത്ത ആഹ്ലാദ പ്രകടനം എന്തിന് ചങ്ങരോത്ത് പഞ്ചായത്തില്‍ നടത്തി. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണിതെന്നും ഉണ്ണി വേങ്ങേരി ആരോപിച്ചു. ഇതുവഴി ലീഗ് നാടിന് നല്‍കുന്ന സന്ദേശം എന്താണെന്നും ഉണ്ണി വേങ്ങേരി ചോദിച്ചു.
തളിച്ചത് ചാണക വെള്ളമല്ലെന്നും 'പച്ച' നിറത്തിലുള്ള വെള്ളമാണെന്നുമാണ് ലീഗിന്റെ അടക്കം പ്രതികരണം. പ്രതീകാത്മകമായി 'പച്ച വെള്ളം' തളിച്ച് പഞ്ചായത്ത് അഴിമതി മുക്തമാക്കിയാണെന്നാണ് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നസീര്‍ ആനേരിയുടെ വിശദീകരണം.
സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനും നേരത്തെ രംഗത്തെത്തിയിരുന്നു. തളിച്ചത് 'പച്ച' വെള്ളം ആണെന്നും വലിയ വിജയം നേടിയപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തില്‍ ചെയ്തതെന്നമാണ് മൂസ കോത്തബ്ര വിശദീകരിച്ചത്. പാര്‍ട്ടിയുടെയോ യുഡിഎഫ് നേതൃത്വത്തിന്റെയോ അറിവൊടെയല്ല ലീഗ് പ്രവര്‍ത്തകര്‍ പച്ച വെള്ളം തളിച്ചതെന്നും കോത്തബ്ര പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട വീഡിയോ സിപിഐഎം പ്രവര്‍ത്തകര്‍ തെറ്റായ പ്രചരണത്തിനായി ഉപയോഗിക്കുന്നതായും മൂസ ആരോപിച്ചു. പഞ്ചായത്തില്‍ ജാതി സ്പര്‍ദ്ധ ഉണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്നാണ് യുഡിഎഫ് ആരോപണം.
ദളിത് വിഭാഗത്തില്‍ പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിക്കാനാണ് ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചതെന്നാണ് എല്‍ഡിഎഫ് ആരോപണം. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ് നേതൃത്വം.
വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് എല്‍ഡിഎഫിന്റെയും ഡിവൈഎഫ്‌ഐയുടെയും പട്ടിക ജാതി ക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രധിഷേധം സംഘടിപ്പിക്കും.