

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ച സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ രംഗത്ത്.
തളിച്ചത് പച്ച വെള്ളം എന്നാണ് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ മൂസ കോത്തബ്രയുടെ വിശദീകരണം. പാര്‍ട്ടിയുടെയോ യുഡിഎഫ് നേതൃത്വത്തിന്റെയോ അറിവൊടെയല്ല ലീഗ് പ്രവര്‍ത്തകര്‍ പച്ച വെള്ളം തളിച്ചത്, വലിയ വിജയം നേടിയപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തില്‍ ചെയ്തതെന്നും മൂസ കോത്തബ്ര വിശദീകരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട വീഡിയോ സിപിഐഎം പ്രവര്‍ത്തകര്‍ തെറ്റായ പ്രചരണത്തിനായി ഉപയോഗിക്കുന്നതായും മൂസ ആരോപിച്ചു. പഞ്ചായത്തില്‍ ജാതി സ്പര്‍ദ്ധ ഉണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്നാണ് യുഡിഎഫ് ആരോപണം.
ദളിത് വിഭാഗത്തില്‍ പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിക്കാനാണ് ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചതെന്നാണ് എല്‍ഡിഎഫ് ആരോപണം. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ് നേതൃത്വം.
വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് എല്‍ഡിഎഫിന്റെയും ഡിവൈഎഫ്‌ഐയുടെയും പട്ടിക ജാതി ക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രധിഷേധം സംഘടിപ്പിക്കും.