കൊച്ചി: കളമശ്ശേരി എടയാർ വ്യവസായ മേഖലയിൽ നിന്ന് പെരിയാർ പുഴയിലേക്ക് മാലിന്യം വീണ്ടും പുറംതള്ളുന്നതായി പരാതി. ഇന്ന് രാവിലെ പെരിയാർ പുഴയിൽ പാളി പോലെയാണ് മാലിന്യങ്ങൾ കണ്ടെത്തിയത്.
നെയ്യ് കലർന്ന അറവ് മാലിന്യങ്ങളാണ് കമ്പനികളിൽ നിന്ന് പുഴയിലേക്ക് തള്ളിയിരിക്കുന്നത്. ഇതുമൂലം എടയാർ മേഖലയിൽ രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്. വിഷയത്തിൽ നിരന്തരം പരാതി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
മലിനീകരണം തടയാനുള്ള കർശന നിർദേശം കഴിഞ്ഞ ദിവസമാണ് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ പുറപ്പെടുവിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിയിരിക്കുന്നത്
കുടിവെള്ള പദ്ധതിക്ക് കൂടി ആശ്രയിക്കുന്ന പുഴയിലാണ് മാലിന്യം തള്ളുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സംവിധാനം ഉണ്ടായിരിക്കെയാണ് മാലിന്യം തള്ളൽ. വേലിയേറ്റം തുടങ്ങിയതോടെ നുരയുടെ വീര്യം കുറഞ്ഞ് ഒഴുകിപ്പോയി. പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.