തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ കോണ്‍ഗ്രസ് ജില്ലാ നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞു നിർത്തിയതില്‍ അറസ്റ്റിലായ ചേന്തി അനിലിനെയാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. കെപിസിസി അധ്യക്ഷന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തനാണ് നടപടിയെടുത്തത്. അനിലിന്റേത് ഗുരുതര അച്ചടക്ക ലംഘനമെന്ന് വിശദീകരിച്ച ശക്തന്‍, ഗ്രൂപ്പു പോരെന്ന ആരോപണങ്ങള്‍ തള്ളി. അനില്‍ റൗഡി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കാര്യം അറിയില്ലെന്നും ശക്തന്‍ പറഞ്ഞു.
അനിലിനെതിരെ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞതെന്ന് ശക്തന്‍ പറഞ്ഞു. സംഭവത്തില്‍ അനിലിന് വിശദീകരണം എഴുതി നല്‍കാം. പാര്‍ട്ടി പരിശോധിച്ചശേഷം, ആവശ്യമെങ്കില്‍ അന്വേഷണം നടത്തും. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും ശക്തന്‍ പറഞ്ഞു. അറസ്റ്റിനു പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു തര്‍ക്കമാണെന്ന അനിലിന്റെ ആരോപണങ്ങളെയും ശക്തന്‍ തള്ളി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല. മുഖ്യമന്ത്രിയെ പോലൊരു നേതാവിനെ ഡിസിസി അംഗം വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും, വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്കലംഘനമായാണ് കാണുന്നത്. അതുകൊണ്ടാണ് അതിവേഗ നടപടിക്ക് കെപിസിസി നിര്‍ദേശിച്ചത്. അതേസമയം, അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്യം അറിയില്ലെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മുഖ്യമന്ത്രിയുടെ ജോലി തടസപ്പെടുത്തിയെന്നും, അന്യയമായി തടഞ്ഞു വെക്കൽ, അപമര്യാദയായുള്ള പെരുമാറ്റം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകളും ചുമത്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതി റൗഡിൽ ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.