കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരന് വീണ്ടും ജാമ്യം. രാത്രിയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ രാത്രിയാണ് പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയതില്‍ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉള്‍പ്പടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ അപ്രിഹെന്ഡ് ചെയ്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ പൊലീസ് ഹാജരാക്കിയത്.
പ്രതിയ്ക്ക് ജാമ്യം ലഭിച്ചത് അംഗീകരിക്കാനാകില്ലെന്ന് കുടുംബം പ്രതികരിച്ചു. അതേസമയം വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കുന്നത് വിദഗ്ധ നിയമോപദേശം ലഭിച്ചതിന് ശേഷം മതിയെന്ന നിലപാടിലാണ് പൊലീസ്.
കേസില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിന് പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. പതിനേഴുകാരനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താത്ത പൊലീസ് നടപടി നേരിട്ട് അന്വേഷിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി എഡിജിപി പി. വിജയന് നിര്‍ദേശം നല്‍കിയത്.
അപകടത്തില്‍ പതിനേഴുകാരനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അതൃപ്തി അറിയിക്കുകയും കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് മേധാവിയുടെ നടപടി.
ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ മകനായ പതിനേഴുകാരന് ഓടിച്ച കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് വാഹനം. ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ണ്ടെയ്നര് റോഡില്‍ ചേരാനല്ലൂര്‍ ഭാഗത്ത് വെച്ച് ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും, കാറിന്റെ മുന്‍ ഭാഗം ഭാഗികമായും തകര്‍ന്നു.