KERALA

കര്‍ശന നടപടിക്ക് നിര്‍ദേശം; ജഡ്ജിയുടെ മകനുണ്ടാക്കിയ വാഹനാപകടത്തില്‍ ഇടപെട്ട് ആഭ്യന്തര മന്ത്രി

സ്വാധീനശക്തി ഉപയോഗിച്ച് നിയമത്തിന്റെ വഴിയിൽ നിന്ന് ആരും രക്ഷപ്പെടില്ലെന്നും മന്ത്രി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ചേരാനല്ലൂരില്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച്, സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് ആഭ്യന്തര മന്ത്രി. വാഹനാപകടത്തില്‍ കര്‍ശന നടപടിക്ക് രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയതില്‍ മന്ത്രി അതൃപ്തി അറിയിച്ചു.

അമിതവേഗതയിൽ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് അത്യന്തം അപരാധമാണ്. അത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ല. സ്വാധീനശക്തി ഉപയോഗിച്ച് നിയമത്തിന്റെ വഴിയിൽ നിന്ന് ആരും രക്ഷപ്പെടില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ മകന്‍ ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്. ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡിലായിരുന്നു സംഭവം. റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് വാഹനം.

ചിറ്റൂരില്‍ തട്ടുകട നടത്തിയിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. കച്ചവടം കഴിഞ്ഞ് കട പൂട്ടി മടങ്ങും വഴി പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാര്‍ കണ്ടെയ്‌നര്‍ റോഡില്‍ ചേരാനല്ലൂര്‍ ഭാഗത്ത് വെച്ച് ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും, കാറിന്റെ മുന്‍ ഭാഗം ഭാഗികമായും തകര്‍ന്നു. അപകടം അറിഞ്ഞെത്തിയ ജയബാലകൃഷ്ണന്റെ കുടുംബത്തിന് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി സഹോദരന്‍ സെല്‍വരാജും, സഹോദരിയുടെ മകളും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

യുവാവിനെ പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും കുടുംബം ഉന്നയിച്ചിരുന്നു. ബെന്‍സിന്റെ ദൃശ്യം പകര്‍ത്തിയത് പൊലീസ് ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് ജയബാലകൃഷ്ണന്റെ സഹോദരന്‍ ആരോപിച്ചു.

കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പതിനേഴുകാരനെതിരെ നരഹത്യാ വകുപ്പ് കൂടി ചേര്‍ത്തു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലാത്ത നരഹത്യ ആണ് ചുമത്തിയിരിക്കുന്നത്. വാഹനത്തിന്റെ ആര്‍സി ഓണറായ ജഡ്ജിക്കെതിരെ കേസെടുക്കുന്നതും പരിശോധിച്ച് വരികയാണ്.

SCROLL FOR NEXT