KERALA

ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ; വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

വി.ടി. ബൽറാം, അബിൻ വർക്കി, അൻവർ സാദത്ത് ഉൾപ്പെടെയുള്ള നേതാക്കളും ചെന്നിത്തലുടെ വീട്ടിൽ ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ അരയും തലയും മുറുക്കി വി.ഡി. സതീശൻ. ചെന്നിത്തലയുടെ വഴുതക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. വി.ടി. ബൽറാം, അബിൻ വർക്കി, അൻവർ സാദത്ത് ഉൾപ്പെടെയുള്ള നേതാക്കളും ചെന്നിത്തലുടെ വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടു.

താൻ ചെറുപ്പം മുതൽ വരുന്ന വീടാണ് അദ്ദേഹത്തിൻ്റേതെന്നും എല്ലാ കാലത്തും തന്റെ നേതാവാണ് ചെന്നിത്തലയെന്നും വി.ഡി. സതീശൻ ആവർത്തിച്ചു. പുറത്ത് പ്രചരിക്കുന്ന തരത്തിലുള്ള ഒരു കാര്യവും തങ്ങൾക്കിടയിൽ ഇല്ലെന്നും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ ദൗത്യത്തിൽ അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും തനിക്കുണ്ടാവും എന്ന് നൂറുശതമാനം ഉറപ്പുണ്ട്. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നതിലുള്ള ചർച്ചകൾ നടക്കുകയാണെന്നും ചെന്നിത്തലയോട് കൂടി ആലോചിച്ച ശേഷം അതിൽ തീരുമാനമെടുക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയതിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാവിലെ ഗുരുവായൂരിൽ മാധ്യമങ്ങളെ കണ്ടപ്പോഴും താൻ ഇതുതന്നെയാണ് പറഞ്ഞത്. പരസ്പരം അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് കോൺഗ്രസിലെ എല്ലാ നേതാക്കളും. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചതെന്നും അത് എല്ലാവരും ചേർന്ന് നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT