മുഖ്യമന്ത്രി പിണറായി വിജയന്‍ Source: Pinarayi Vijayan/ Facebook
KERALA

"സ്കൂളുകളിലും ആശുപത്രികളിലും പൊളിച്ചുമാറ്റേണ്ട എത്ര കെട്ടിങ്ങള്‍? രണ്ടാഴ്ചയ്ക്കകം വിവരം നൽകണം"; നിർദേശങ്ങളുമായി മുഖ്യമന്ത്രി

പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകാനാണ് നിർദേശം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് വിളിച്ച യോ​ഗത്തില്‍ നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി ദുരന്ത നിവാരണ വകുപ്പിനോട് നിർദേശിച്ചു.

പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. പൊളിച്ചുമാറ്റിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുന്നത് വരെ ക്ലാസുകള്‍ നടത്താന്‍ ബന്ധപ്പെട്ട അധികൃതർ പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്തണം. അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം. ഇലക്ട്രിക് വിഭാ​ഗം പരിശോധിക്കാൻ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍‌ എഞ്ചിനിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നല്‍കി.

റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

SCROLL FOR NEXT