KERALA

"മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദം"; വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Author : കവിത രേണുക

തിരുവനന്തപുരം: മുന്‍ മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നാലു തവണ എംഎല്‍എയും അതില്‍ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. 73 വയസായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2001, 2006 വര്‍ഷങ്ങളില്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011, 2016 വര്‍ഷങ്ങളില്‍ കളമശ്ശേരിയില്‍ നിന്നുമാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോള്‍ 2005ല്‍ വ്യവസായ മന്ത്രിയായി. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

25 വര്‍ഷം മുസ്ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആയിരുന്നു. കൊച്ചി വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡിലും അ?ദ്ദേഹം ഉണ്ടായിരുന്നു. നിരവധി കമ്പനികളിലെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം വഹിച്ചു.

എടത്തല സി.എച്ച്. മുഹമ്മദ് കോയ കോളേജ് ഓഫ് എന്‍ജിനിയറിങ് ചെയര്‍മാന്‍ ആയിരുന്നു. ആലുവയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഈ യുഗം പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു. പാലാരിവട്ടം പാലം തകര്‍ന്ന കേസില്‍ പൊതുമരാമത്ത് മന്ത്രി എന്ന നിലയില്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതി ചേര്‍ക്കപ്പെട്ടു.

SCROLL FOR NEXT