മിഥുൻ്റെ മരണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് Source: News Malayalam 24x7
KERALA

മിഥുൻ്റെ മരണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്; സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം

തേവലക്കര സ്കൂളിൽ വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തേവലക്കര സ്കൂളിൽ വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. ഷെഡ് നിർമിച്ചത് ശ്രദ്ധയിൽ പെട്ടപ്പോൾ നടപടി ഉണ്ടായില്ലെന്നും ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് സർക്കാരിന് കൈമാറി. തുടർ നടപടികൾക്ക് ചെയർമാനെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് കർഷകന് ഷോക്കേറ്റത് പാടത്ത് പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന്. കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചിരുന്നു. വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമിൽ ആണ് അപകടം. അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം.

കഴിഞ്ഞ ദിവസം കെഇസിബിയിലെയും ഇലക്ട്രിക്കൽ ഇൻസ്പെക്രേറ്റിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയെടുത്ത തീരുമാനങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന / ജില്ലാതല കമ്മിറ്റികള്‍ ആഗസ്റ്റ്‌ 15 – നകം വിളിച്ചു കൂട്ടാനും, സുരക്ഷാ പരിശോധനകളും തുടര്‍ നടപടികളും ആഗസ്റ്റ്‌ 15നു മുമ്പ് പൂര്‍ത്തിയാക്കാനും, വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. വൈദ്യുതി അപകടം ഉണ്ടായാല്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. സ്കൂൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര സുരക്ഷാ പരിശോധന ഈ മാസം തന്നെ പൂർത്തിയാക്കാനും, ആഗസ്റ്റ് 15നകം എല്ലാ ലൈനുകളുടെയും സുരക്ഷാ പരിശോധന പൂർത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

പുതിയ വൈദ്യുതി ലൈൻ നിർമാണം കവചിത കണ്ടക്റ്ററുകൾ ഉപയോഗിച്ച് മാത്രം ചെയ്യാനുള്ള 2021ലെ കെഎസ്ഇബിയുടെ തീരുമാനം കർശനമായി നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

SCROLL FOR NEXT