KERALA

ആധാർ കാർഡോ ജനന സർട്ടിഫിക്കറ്റോ ഇല്ല! എസ്‌സി/എസ്ടി ഗ്രാന്റ് ലഭിക്കാതെ മൂഴിയാര്‍ ജിയുപിഎസിലെ കുട്ടികള്‍

സ്കൂൾ രേഖകൾ പരിഗണിച്ച് കുട്ടികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകാൻ സർക്കാർ ഇടപെടണമെന്ന് അധ്യാപകരും ആവശ്യപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പട്ടികജാതി പട്ടികവർ​ഗ വിഭാഗത്തിലെ കുട്ടികൾക്കായുള്ള എസ് സി / എസ് ടി ഗ്രാന്റ് ലഭിക്കാതെ മൂഴിയാർ സർക്കാർ യുപി സ്കൂളിലെ 25 വിദ്യാർഥികൾ. ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറാനുള്ള സർക്കാർ ഉത്തരവിനു ശേഷം അർഹതപ്പെട്ട ഒരാൾക്ക് പോലും ഗ്രാന്റ് ലഭിച്ചിട്ടില്ല. കുട്ടികൾക്ക് ആധാർ കാർഡോ മറ്റ് അനുബന്ധ രേഖകളോ ജനന സർട്ടിഫിക്കറ്റോ പോലുമില്ലാത്തത് വലിയ പ്രതിസന്ധിയായി തുടരുന്നു. സ്കൂൾ രേഖകൾ പരിഗണിച്ച് കുട്ടികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകാൻ സർക്കാർ ഇടപെടണമെന്ന് അധ്യാപകരും ആവശ്യപ്പെടുന്നു.

1962ൽ തുടങ്ങിയ സ്കൂളിലെ ഭൂരിപക്ഷം വിദ്യാർഥികളും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. പക്ഷെ പലരും ജനിച്ചത് വനത്തിന് ഉള്ളിൽ. ഇവർക്ക് ആധാർ കാർഡോ ജനന സർട്ടിഫിക്കറ്റോ ഒന്നുമില്ല. അതുകൊണ്ട് ഒരാൾക്ക് പോലും എസ്‍സി-എസ്‍ടി ഗ്രാൻ്റ് ലഭിക്കുന്നില്ല.

സ്കൂളിൽ ഉള്ളത് ആകെ 31 കുട്ടികളാണ്. ഇതിൽ 19 വിദ്യർഥികൾ ആദിവാസി വിഭാഗത്തിൽ പെടുന്നതാണ്. ഷെഡ്യൂൾഡ് കാസ്റ്റിൽ ഉൾപ്പെടുന്നതാണ് 6 കുട്ടികൾ. ഈ കുട്ടികൾക്ക് സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണ് അധ്യാപകർ പറയുന്നത്.

ആദിവാസി മേഖലയിലെ അരക്ഷിതാവസ്ഥയുടെ നേർക്കാഴ്ചയാണ് ഉന്നതികളിൽ കാണാനാകുക. പതിമൂന്നും പതിനാലും വയസിൽ അച്ഛനമ്മമാരാകുന്നവർ ഇവർക്കിടയിൽ ഉണ്ട്. ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്തെല്ലാം എന്നത് ഇവർക്ക് അജ്ഞാതമാണ്. സർക്കാർ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ പുതിയ തലമുറയും അക്ഷരവെളിച്ചത്തിൽ നിന്ന് അകന്ന് പോകും.

SCROLL FOR NEXT