

വയനാട്: കള്ളാടി മണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. എൻഡിആർഫ്, പൊലീസ്, സിവിൽ ഡിഫൻസ്, ഫയർ ഫോഴ്‌സ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുക. റോഡിലെ മണ്ണ് നീക്കൽ ഇന്നലെ ആരംഭിചെങ്കിലും വേഗത കൂട്ടാൻ ഇന്ന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. തെരച്ചലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും.
മരിച്ച മൂന്നു പേരുടെയും പോസ്റ്റ്‌മോർട്ടം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും. അതേസമയം, വിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നുച്ചയോടെ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കള്ളാടയിൽ തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതീശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. ഇതോടെ ചൂരൽമല-അട്ടമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
മന്ത്രിമാരായ എ.പി. അനിൽകുമാർ ടി. സിദ്ദിഖ് എന്നിവർ കാര്യങ്ങൾ ഏകോപിപ്പിക്കാൻ സ്ഥലത്തുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയോടെ ദുരന്തസ്ഥലം സന്ദർശിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി കള്ളാടിയിൽ എത്തുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. രന്തബാധിതർക്കുള്ള ധനസഹായം സംബന്ധിച്ച തീരുമാനവും ഉണ്ടായേക്കും.