തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് മാർക്കറ്റിംഗ് മാനേജർക്ക് വധഭീഷണി. പി. ജയരാജന്റെ 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും എന്നാണ് ഭീഷണി.
സംഘപരിവാർ സംഘടനകൾ ആണ് ഭീഷണിക്ക് പിന്നിലെന്ന് പി. ജയരാജൻ ആരോപിച്ചു. ഒരു പുസ്തകത്തെ പോലും സംഘപരിവാർ ഭയപ്പെടുന്നു. പുസ്തക വിൽപ്പന പോലും അനുവദിക്കില്ല എന്നാണ് നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ പൊതുസമൂഹം അപലപിക്കണമെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാർക്കറ്റിംഗ് മാനേജർ രമേശൻ പ്രതികരിച്ചു. പുസ്തക വിൽപ്പന അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയതായും രമേശൻ പറഞ്ഞു.
ഈ മാസം 20നാണ് ജയരാജൻ്റെ 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനം. പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. കാവുകളെയും ഹിന്ദു ആചാരങ്ങളെയും കുറിച്ച് പരാമർശിക്കുന്നതാണ് ഉളളടക്കമെന്ന് ഇന്നലെ പി. ജയരാജൻ പറഞ്ഞിരുന്നു.