ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട പാര്‍ട്ടി നിര്‍ദേശങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന രമ്യ ഹരിദാസ് എംഎല്‍എയുടെ നടപടികളില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടിക്ക് സൽപ്പേര് ഉണ്ടാക്കുന്ന വിഷയങ്ങളല്ല നടന്നതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പാളയം പ്രദീപിനെ, അഡീഷണൽ പിഎ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ല. മുൻകാല പ്രാബല്യത്തോടെയുള്ള നിയമനത്തിന് ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല. രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് സൽപ്പേരല്ല ഉണ്ടാക്കിയിട്ടുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ചിറയിൻകീഴ് സംഘർഷത്തിനു ശേഷമാണ് പ്രദീപിനുവേണ്ടി രമ്യ കത്ത് നൽകിയതെങ്കിൽ അത് ശരിയല്ല. പ്രദീപിനായി കത്ത് നൽകിയതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. മുന്‍കാല പ്രാബല്യത്തില്‍ കത്ത് നല്‍കിയെങ്കില്‍ അത് ഗുരുതര പ്രശ്നമാണ്. പ്രദീപ് നേരത്തെ മുതല്‍ സ്റ്റാഫ് ആയിരുന്നെങ്കില്‍, രമ്യ അത് തെളിയിക്കട്ടെ. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി അധ്യക്ഷൻ എം.എം. ഹസ്സൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ വ്യാപക പരാതിയും വിമര്‍ശനവും ഉയർന്നിട്ടും രമ്യക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കിതീര്‍ക്കാനായിരുന്നു കെപിസിസി ശ്രമം. എം.എം. ഹസ്സന്റെ ചുമതലയില്‍ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചെങ്കിലും, രമ്യ ഹാജരായിരുന്നില്ല. ഡല്‍ഹിയില്‍ പോകുന്നതായി അറിയിച്ച രമ്യ പാലക്കാടെത്തി കെ.സി. വേണുഗോപാലിനെ കണ്ടത് ഉള്‍പ്പെടെ പാര്‍ട്ടിക്ക് ക്ഷീണം ചെയ്തിരുന്നു. പാളയം പ്രദീപിനെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കരുതെന്ന നിര്‍ദേശവും രമ്യക്ക് കൈമാറിയിരുന്നു.
എന്നാല്‍, പ്രദീപ് നേരത്തെ മുതല്‍ കൂടെയുണ്ടെന്നും അതിനാല്‍ മുന്‍കാല പ്രാബല്യത്തോടെ അഡീഷണല്‍ സ്റ്റാഫ് ആക്കണമെന്നും ആവശ്യപ്പെട്ട് രമ്യ സ്പീക്കറുടെ ഓഫീസില്‍ കത്ത് നല്‍കി. എന്നാല്‍ നിയമസഭാ സെക്രട്ടറിക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് സ്പീക്കറുടെ ഓഫീസ് മടക്കി. എന്നാല്‍ നീക്കം വിവാദമായതോടെ കത്ത് തിരിച്ചെടുക്കണമെന്ന് ഓഫീസ് രമ്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി കീഴ്‌വഴക്കങ്ങളെയും പ്രാദേശിക, സംസ്ഥാന നേതൃത്വത്തെയും വെല്ലുവിളിച്ചുള്ള രമ്യയുടെ നീക്കങ്ങളാണ് നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിരിക്കുന്നത്.
നീക്കങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. സ്പീക്കറുടെ ഓഫീസിനെ വിവാദത്തിന്റെ ഭാഗമാക്കാൻ പാടില്ല. തനിക്ക് കത്ത് ലഭിച്ചിട്ടില്ല. സ്പീക്കറുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിൽ കൊണ്ടുവന്നത് അംഗീകരിക്കാനാവില്ല. രമ്യ ഹരിദാസ് വിളിച്ചിരുന്നു. തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
പ്രദീപിനായി രമ്യ നിയമസഭയില്‍ അപേക്ഷ കൊടുത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി കെ. മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി നടപടി എടുത്താല്‍ അതിനപ്പുറം ഒന്നുമില്ല. പുറത്താക്കിയാല്‍ പുറത്തു തന്നെയാണ്. മന്ത്രി ആയാലും എംപി ആയാലും എംഎല്‍എ ആയാലും പാര്‍ട്ടിക്ക് വിധേയരാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രദീപിനായി രമ്യ നിയമസഭയില്‍ അപേക്ഷ കൊടുത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി കെ. മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി നടപടി എടുത്താല്‍ അതിനപ്പുറം ഒന്നുമില്ല. പുറത്താക്കിയാല്‍ പുറത്തു തന്നെയാണ്. മന്ത്രി ആയാലും എംപി ആയാലും എംഎല്‍എ ആയാലും പാര്‍ട്ടിക്ക് വിധേയരാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടി നിലപാട് കടുപ്പിച്ചതോടെ രമ്യ വഴങ്ങുന്നതായാണ് സൂചന. പാളയം പ്രദീപിനായി രമ്യ വീണ്ടും കത്ത് നല്‍കിയേക്കില്ലെന്നാണ് വിവരം. നാളെ രാവിലെ പത്തോടെ ചിറയിന്‍കീഴിലെ എംഎല്‍എ ഓഫീസിലെത്തുമെന്നും രമ്യ അറിയിച്ചിട്ടുണ്ട്.