Source: Files
KERALA

സംസ്ഥാനത്ത് കോളറയും? രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ്; ഇല്ലെന്ന് പാലക്കാട് ഡിഎംഒ

ആരോഗ്യവകുപ്പിൽ ഇത് സംബന്ധിച്ച കടുത്ത ആശയക്കുഴപ്പം തുടരുകയാണ്...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സംസ്ഥാനത്ത് നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോളറയും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. എന്നാൽ ആരോഗ്യവകുപ്പിൽ ഇത് സംബന്ധിച്ച കടുത്ത ആശയക്കുഴപ്പം തുടരുകയാണ്. പാലക്കാട് ജില്ലയിൽ രണ്ട് കോളറ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. എന്നാൽ ജില്ലയിൽ കോളറ ഇല്ലെന്നാണ് പാലക്കാട് ഡിഎംഒ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കോളറ സാധ്യത കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പിനെ പാലക്കാട് ഡിഎംഒ വിവരമറിയിച്ചത്. എന്നാൽ, പരിശോധനകളെല്ലാം നെഗറ്റീവ് ആയിരുന്നുവെന്നാണ് പാലക്കാട് ഡിഎംഒ വ്യക്തമാക്കുന്നത്. രണ്ട് പേർക്കാണ് കോളറ സാധ്യതകൾ കണ്ടത്. അതിൽ ഒരാളെ ഡിസ്ചാർജ് ചെയ്തതായും മറ്റെ ആളെ നാളെ ഡിസ്ചാർജ് ചെയ്യുമെന്നുമാണ് നിലവിൽ ഡിഎംഒ അറിയിക്കുന്നത്. എന്നാൽ, സംസ്ഥാന ഡിഎംഒയുടെ റിലീസിന് നേർ വിപരീത വിവരമാണ് പാലക്കാട് ഡിഎംഒ പങ്കുവച്ചത്. തുടർന്ന് വാർത്തയായതോടെ കോളറയെന്ന് സംശയമെന്ന് ആരോഗ്യവകുപ്പ് തിരുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ നിപയുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ആരോഗ്യമന്ത്രിയും കളക്ടറും വ്യത്യസ്ത പ്രസ്താവനകൾ നടത്തിയിരുന്നു.

SCROLL FOR NEXT