വയനാട്: ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമി തരംമാറ്റിയെന്ന കണ്ടെത്തലില്‍ കേസ് എടുക്കാൻ നടപടി തുടങ്ങി ലാൻഡ് ബോർഡ്. കേസ് രജിസ്ട്രർ ചെയ്യണം എന്നാവശ്യപ്പെട്ട് സോണൽ ലാൻഡ് ബോർഡ് സംസ്ഥാന ലാൻഡ് ബോർഡിന് കത്ത് നൽകി.
മേപ്പാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ മുട്ടിൽ റോഡിനോട് ചേർന്ന് വെള്ളിത്തോടാണ് 105 വീടുകൾ നിർമിക്കുന്ന ഭവന പദ്ധതിക്കായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഭൂമി വാങ്ങിയത്. 40 കോടിയിലധികം രൂപ ഇതിനായി സമാഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പദ്ധതിക്കായി വാങ്ങിയ പതിനൊന്നര ഏക്കർ ഭൂമിയിൽ പത്തര ഏക്കർ സ്ഥലവും തോട്ടം ഭൂമിയാണെന്നാണ് കണ്ടെത്തല്‍. പദ്ധതി പ്രദേശം തോട്ടം ഭൂമിയാണെന്ന തൃക്കൈപ്പറ്റ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടിയിരുന്നു.
മുസ്ലീം ലീഗ് ഭൂമി വാങ്ങിയ ശേഷം തരം മാറ്റി എന്നായിരുന്നു മുൻ ഭൂവുടമ ലാൻഡ് ബോർഡിന് നല്‍കിയ മൊഴി. പരിശോധനയില്‍ തോട്ടഭൂമിയിൽ തരംമാറ്റം നടന്നു എന്നാണ് സോണൽ ലാൻഡ് ബോർഡിൻ്റെ കണ്ടെത്തൽ.
ഏപ്രിൽ 29ന് തറക്കല്ലിട്ട പദ്ധതി എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ നിർമാണ പ്രവൃത്തികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. മഴക്കാലമായത് കൊണ്ടാണ് നിർമാണം തുടങ്ങാത്തതെന്നും പദ്ധതി വൈകില്ലെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്.