യൂഹാനോൻ മാർ മിലിത്തിയോസ് Source: News Malayalam 24x7
KERALA

ഗോഡ്സെയുടേയും ആർഎസ്എസ് സ്ഥാപകൻ്റേയും ചിത്രം വയ്ക്കുന്നവരെ ക്രൈസ്തവ സമൂഹത്തിന് ആശ്രയിക്കാനാകില്ല: യൂഹാനോൻ മാർ മിലിത്തിയോസ്

ബിജെപിയെ പ്രീതിപ്പെടുത്തി ഔദാര്യം തേടാൻ ശ്രമിക്കുന്നത് ആത്മനിന്ദയെന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ക്രൈസ്തവ സഭകൾക്കും സംഘപരിവാറിനും എതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ബിജെപിയെ പ്രീണിപ്പിക്കുകയോ നേതാക്കളെ ആദരിക്കുകയോ ചെയ്തുകൊണ്ട് ജീവിക്കുക എന്നത് ചെയ്യരുതാത്ത കാര്യമെന്ന് തൃശൂർ ഭദ്രാസനാധിപൻ.

ആർഎസ്എസ് അടിസ്ഥാനപരമായി ക്രൈസ്തവ സമൂഹത്തിന് എതിരാണ് , രാജ്യത്ത് നിന്ന് ക്രൈസ്തവർ വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന സമൂഹമാണ് അവർ. അത്തരം സമൂഹങ്ങൾ എക്കാലവും ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ അവരുടെ താല്‍പ്പര്യങ്ങൾ നടപ്പാക്കിക്കൊണ്ടേയിരിക്കും. അവരെ നിരന്തരമായി വിമർശിക്കാനും പ്രതിരോധിക്കാനും സാധിക്കുന്നില്ലായെങ്കിൽ നമൂക്ക് രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത അനുസരിച്ച് ജീവിക്കാൻ സാധ്യമല്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

ബിജെപിയെ പ്രീതിപ്പെടുത്തി അവരിൽ നിന്ന ഔദാര്യം തേടാൻ ശ്രമിക്കുന്നത് ആത്മനിന്ദയാണ്. ആ നിന്ദയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ചൂണ്ടിക്കാട്ടി. ആർഎസ്എസ് വിചാരിക്കുന്നത് നമ്മളെ എന്ത് ചെയ്താലും കുഴപ്പില്ലെന്നാണ്. വാസ്തവത്തിൽ നമ്മളെ തൂക്കാനുള്ള കയർ നമ്മൾ തന്നെ ഉണ്ടാക്കി നൽകുന്നു. ഏതെങ്കിലും ഒരു സംഭവമുണ്ടാകുമ്പോൾ അതിനെ മാത്രം അപലപിക്കുന്നതിൽ കാര്യമില്ല. ഒരോ സംഭവങ്ങളെയും ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന വിധത്തിൽ പ്രതികരിക്കാൻ തുടങ്ങിയാൽ അവർ അവഗണിക്കുകയേയുള്ളുവെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേർത്തു.

മടയിൽ കനമില്ലാത്ത കാലത്തോളം ഈ പ്രവണതയെ ചോദ്യം ചെയ്യണം. നിരന്തരമായ സമ്മർദവും രാജ്യത്തിന്റെ സ്വാഭാവികതയെ നിലനിർത്താനുള്ള പരിശ്രമവും നടത്തണമെന്നും ഭദ്രാസനാധിപന്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗോഡ്സെയുടെയോ ആർഎസ്എസ് സ്ഥാപകൻ്റെയോ ചിത്രം വയ്ക്കുന്നവരെ ക്രൈസ്തവ സമൂഹത്തിന് യാതൊരു തരത്തിലും ആശ്രയിക്കാൻ ആകില്ലെന്ന് മിലിത്തിയോസ് പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന് നേരെ നിരന്തരം ആക്രമണം നടക്കുമ്പോഴും സഭയും ക്രൈസ്തവ സംഘടനകളും ഉദാസീനത കാട്ടുന്നു. അതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും കേരള ഗവർണറെ ഒരു പുരോഹിതൻ കഴിഞ്ഞ ദിവസവും ആദരിച്ചു. എന്ത് ആദരവാണ് അദ്ദേഹം അർഹിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ല. കാവിക്കൊടി പിടിച്ച ഒരു സ്ത്രീ ഭാരതാംബയാണെന്ന് പറയുന്ന ഒരാളെ എങ്ങനെ ആദരിക്കും എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേർത്തു.

തൃശൂരിൽ നിന്നുള്ള ജനപ്രതിനിധി വിഷയത്തിൽ യാതൊരു തരത്തിലും ഇടപെടുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം നല്ലൊരു നടനാണ് , ഇക്കാര്യത്തിലും അദ്ദേഹം അതുതന്നെ ചെയ്തുകൊണ്ടിരിക്കും. സുരേഷ് ഗോപിയെ പ്രോത്സാഹിപ്പിച്ച നടപടി ക്രൈസ്തവ സമൂഹത്തിൽ നിന്ന് മാത്രമല്ല ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിരന്തരമായ സമ്മർദവും നിയമവഴിക്കുള്ള സഹായവും ആവശ്യമെന്നും മിലിത്തിയോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് യൂഹാനോൻ മാർ മിലിത്തിയോസിന്റെ വിമർശനങ്ങള്‍. സഭാ നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് തൃശൂർ ഭദ്രാസനാധിപന്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. "എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച്‌ ആദരിച്ചാൽ പോരേ?," എന്നാണ് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

SCROLL FOR NEXT