
കൊച്ചി: സഭാ നേതൃത്വത്തിന് നേരെ പരിഹാസവുമായി മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ 'പ്രതിഷേധം വ്യാപകം' എന്ന വാർത്തയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പരിഹാസം.
"എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?," വാർത്ത പങ്കുവെച്ചുകൊണ്ട് യൂഹാനോൻ മാർ മിലിത്തിയോസ് കുറിച്ചു.
കണ്ണൂർ തലശ്ശേരി ഉദയഗിരിയില്‍ സിസ്റ്റർ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെണ്‍കുട്ടികള്‍ക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റില്ലെന്ന് പറഞ്ഞ് റെയില്‍വേ പൊലീസ് അധികൃതരും പിന്നീട് സമാന്തരമായി ബജ്‌റംഗ്‌ദള്‍ പ്രവർത്തകരും ചോദ്യം ചെയ്തുവെന്നാണ് ആരോപണം.
നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു അറസ്റ്റ്. കേസ് കെട്ടിച്ചമച്ചതെന്ന് ആരോപിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) രംഗത്തെത്തി. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയെന്ന് സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ് അറിയിച്ചു. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭകളും പ്രതിഷേധം രേഖപ്പെടുത്തി.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിലായ കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജയിലിലാണുള്ളത്