സിഐ അഭിലാഷ് ഡേവിഡ്, ഷാഫി പറമ്പിൽ 
KERALA

"ഷാഫിക്കെതിരെ കേസിനില്ല, നടപടി സ്വീകരിക്കുക തെറ്റായ വാർത്ത നൽകിയവർക്കെതിരെ"; സിഐ അഭിലാഷ് ഡേവിഡ് ന്യൂസ് മലയാളത്തോട്

തെറ്റായ വാർത്തകളിൽ കേസ് നൽകാനാണ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയത് എന്നും സിഐ അഭിലാഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് എതിരെ കേസ് നൽകാൻ ഇല്ലെന്ന് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്. തനിക്ക് എതിരെ തെറ്റായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. തെറ്റായ വാർത്തകളിൽ കേസ് നൽകാനാണ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയത് എന്നും അഭിലാഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് തന്നെ മർദിച്ചുവെന്നായിരുന്നു ഷാഫി പറമ്പിൽ എംപിയുടെ ആരോപണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ, അഭിലാഷ് ആഭ്യന്തരവകുപ്പിൻ്റെ അനുമതി തേടിയെന്ന തരത്തിൽ വാർത്തകളെത്തിയെങ്കിലും ഇത് തള്ളിയിരുക്കുകയാണ് ഇൻസ്പെക്ടർ അഭിലാഷ്. ഷാഫി പറമ്പിലിനെതിരെയോ, എംപിയുടെ പത്രസമ്മേളനത്തിനെതിരെയോ അല്ല കേസ് കൊടുക്കുന്നതെന്ന് അഭിലാഷ് ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

"യൂട്യുബ് ചാനലുകളുൾപ്പെടെ പലരും എനിക്കെതിരെ അപകീർത്തിപരമായ വാർത്തകൾ പങ്കുവെച്ചിരുന്നു. ഇതിനെതിരെ കേസെടുക്കാനാണ് ഞാൻ ആഭ്യന്തരവകുപ്പിനെ സമീപിച്ചത്. ഷാഫിക്കെതിരെ യാതൊരു നടപടിക്കുമില്ല," അഭിലാഷ് ഡേവിഡ് ഉറപ്പിച്ച് പറഞ്ഞു.

സിഐ അഭിലാഷ് ഡേവിഡ് തല്ലിയെന്നും, പൊലീസ് ഉദ്യോഗസ്ഥൻ സിപിഐഎം ഗുണ്ടയാണെന്നുമായിരുന്നു പത്ര സമ്മേളനത്തിൽ ഷാഫി പറമ്പിൽ പറഞ്ഞത്. പേരാമ്പ്രയില്‍ ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ്പി പറഞ്ഞത് പോലെ പിറകിൽ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും തന്നെ ഉന്നം വച്ച് അടിക്കാൻ നോക്കിയപ്പോൾ മറ്റൊരു പൊലീസുകാരൻ തടഞ്ഞു. ഇത് അറിയാതെ പറ്റിയതാണെന്ന് പറയാൻ പറ്റുമോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. അഭിലാഷ് ഡേവിഡിനെ പൊലീസ് ഗുണ്ടയെന്നായിരുന്നു ഷാഫി വിളിച്ചത്. അഭിലാഷാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

SCROLL FOR NEXT