തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസിൻ്റെ മകൾ ഇ.എം. രാധയെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ കുടുംബം രംഗത്ത്. ഇ.എം. രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണയാണ്. പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്ന് രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ പറഞ്ഞു.
ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെൻ്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിൻ്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്ന് സി.കെ. ഗുപ്തൻ പറഞ്ഞു.
സി.കെ. ഗുപ്തൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസ്സിൻറെ മകളും എൻ്റെ ഭാര്യയുമായ ഇഎം രാധയെ പാർടി തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. പാർടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നത്.
ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെൻ്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിൻ്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.