കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചവർക്കെതിരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വടകര പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് എടുത്തുമാറ്റി സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ഒരു പൊലീസുകാരൻ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. നൂറിലേറെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്. സ്‌റ്റേഷൻ മുറ്റത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പരിക്കേറ്റ പ്രവർത്തകരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈക്ക് മുറിവേറ്റ പൊലീസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന പൊലീസിൻ്റെ ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.