തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും എതിരെയുള്ള കേസിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ നിശബ്ദമാക്കുന്ന നടപടി ആണെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതിയാണ് ഇതെന്നും ഇതിനെതിരെ എല്ലാവരും നിലകൊള്ളണമെന്നും പിണറായി വിജയന്‍ അറിയിച്ചു.
"പ്രമുഖ ജേണലിസ്റ്റുകളായ കരൺ ഥാപ്പർ, സിദ്ധാർത്ഥ് വരദരാജൻ എന്നിവർക്കെതിരെ അസം പൊലീസ് ബിഎൻഎസ് സെക്ഷൻ 152 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയായ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ നിശബ്ദമാക്കാനുള്ള ഈ നീക്കം ഫാസിസ്റ്റ് പ്രവണതയുടെ ഭാഗമാണ്. ജനാധിപത്യ ശക്തികൾ ഒന്നിച്ച് സത്യത്തിന്റെ ധീരമായ ശബ്ദങ്ങൾക്കൊപ്പം നിൽക്കണം," പിണറായി വിജയന്‍ എക്സില്‍ കുറിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പർ, സിദ്ധാർത്ഥ് വരദരാജൻ എന്നിവക്കെതിരെ അസം പൊലീസ് രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തത്. സിദ്ധാർഥ് വരദരാജൻ 'ദ വയർ' സ്ഥാപക എഡിറ്ററാണ്. ദ വയറില്‍ തന്നെയാണ് ഥാപ്പറും പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലാണ് അസം പൊലീസ് കേസെടുത്തതെന്നാണ് സൂചന.
മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയായിരുന്നു ഈ നടപടി. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.