തിരുവനന്തപുരം: കേരളത്തെ മത നിരപേക്ഷ സമുഹമായി വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും നവോദ്ധാന പ്രസ്ഥാനങ്ങൾക്കൊപ്പം പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 വർഷം ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല. മഹാ പണ്ഡിതരുടെ പ്രവർത്തന പാരമ്പര്യവും സമസ്തയുടെ പ്രവർത്തനത്തെ മികവുറ്റതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വർഗീയത ഫണം വിടർത്തിയിടുന്ന സമയത്തൊക്കെ മനുഷ്യ പക്ഷത്തു നിൽക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. നാനത്വത്തിൽ ഏകത്വം ഓരോ നിമിഷവും തച്ചുതകർക്കപ്പെടുന്നു. സമൂഹത്തിൽ സമാധാനവും സഹവർത്തിത്വം നിലനിർത്തുന്നതിൽ സമസ്ത ശ്രദ്ധ നൽകി.സമൂഹത്തിന്റെ മതനിരപേക്ഷത പാലിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം രാഷ്ട്രീയ നേതാക്കളോട് നീതി പൂർവ്വമായ കാര്യങ്ങൾ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മുസ്ലീം സമുദായത്തിൻ്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ സമസ്തക്കുസാധിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സമസ്ത നൽകിവരുന്ന പ്രാധാന്യം പ്രധാനമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുക എന്നത് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. സംഘടന രൂപീകരിച്ച് 100 വർഷം പിന്നിടുമ്പോൾ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ എത്ര കണ്ടായി എന്നത് പരിശോധിക്കേണ്ടത് നന്നാകും. നിലവിലെ അനാചാരങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. അവരെ തിരിച്ചറിയാൻ സമസ്തക്ക് കഴിയണം.
ഭൂരിപക്ഷ വർഗീയത ഉയർന്ന വരുമ്പോൾ ന്യൂനപക്ഷ വർഗീയത കൊണ്ട് അതിനെ ചെറുക്കാൻ എന്ന് കരുതുന്നവരോട് വിട്ടുവീഴ്ച ചെയ്യരുത്. ഈ രണ്ട് വർഗീയതയും പരസ്പര പൂരകമാണ്. അതിനെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. എല്ലാ വർഗീയ വാദികൾക്കും ഒരു പ്രത്യേകതയുണ്ട്. നുണ നല്ല രീതിയിൽ പ്രചരിപ്പിക്കുകയെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം എന്നും പ്രതിജ്ഞാബദ്ധമാണ്. ന്യൂനപക്ഷങ്ങളെ സവിശേഷതയോടെ ഇടതുപക്ഷം കണ്ടിട്ടുണ്ട്. വഅത് ഏതെങ്കിലും തിടഞ്ഞപ്പ് ഫലം വച്ചു അളക്കാവുന്നതല്ല. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഇനിയും തയ്യാറാകും എന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.