തൃശൂർ: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സമഗ്ര കവറേജിനുള്ള പ്രത്യേക ജൂറി പരാമർശം ന്യൂസ് മലയാളത്തിന്. തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരങ്ങൾക്കും ന്യൂസ് മലയാളം അർഹരായി. ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വി.എസ് അനു, സീനിയർ സബ് എഡിറ്റർ അഞ്ജന രഞ്ജിത്ത് എന്നിവരാണ് പുരസ്കാര ജേതാക്കൾ. ചാനൽ പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായി നടന്ന കലോത്സവത്തിലാണ് ന്യൂസ് മലയാളത്തിന്റെ പുരസ്കാര തിളക്കം.
ജനുവരിയിൽ തൃശൂരിൽ നടക്കുന്ന 64-ാമത് സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ പ്രഖ്യാപിച്ചത്. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് 64ാമത് കലോത്സവം അരങ്ങേറുന്നത്. പ്രധാന വേദിയായ തേക്കിൻകാട് മൈതാനം ഉൾപ്പെടെ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 14ന് രാവിലെ ഒന്നാം വേദിയായ തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ജനുവരി 18ന് സമാപന സമ്മേളനം നടക്കും. മുഖ്യാതിഥിയായി പത്മഭൂഷൺ മോഹൻലാൽ പങ്കെടുക്കും.