തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. ഭ്രമയുഗം സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്കും മുഖ്യമന്ത്രി പുരസകാരം സമ്മാനിച്ചു.
ചടങ്ങിൽ പത്മഭൂഷണ്‍ പുരസ്കാരത്തിന് അർഹമായ നടൻ മമ്മൂട്ടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഓരോ സിനിമയിലും നമുക്ക് പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാനാണ് മമ്മൂട്ടിയുടെ ശ്രമം. സ്വയം പുതുക്കുന്ന നടന ശരീരമാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. കഴിഞ്ഞ കുറേ വർഷങ്ങളായി മന്ത്രിസഭ ശുപാർശ ചെയ്യുന്ന കാര്യമാണിത്. ഇപ്പോഴെങ്കിലും പുരസ്കാരം നൽകിയതിൽ സന്തോഷമുണ്ട്. ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടിയ മന്ത്രി സജി ചെറിയാനും അഭിനന്ദിച്ചു. കുട്ടികളുടെ ചിത്രങ്ങൾ പരിഗണിക്കാത്തതിന് തുടർന്ന് ഉയർന്ന വിമർശനങ്ങളിലും സജി ചെറിയാൻ മറുപടി പറഞ്ഞു. അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുട്ടികളുടെ ചിത്രങ്ങളെ പരിഗണിക്കാത്തത് ചർച്ച ആയിരുന്നു. ആകെ ആറ് ചിത്രങ്ങൾ മാത്രമാണ് കുട്ടികളുടെ ചിത്രങ്ങളുടെ എൻട്രിയിൽ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ കണ്ണുകളിലൂടെ കാണുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചലച്ചിത്ര പ്രവർത്തകർ ആത്മപരിശോധന നടത്തണമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
വിമർശനങ്ങളിൽ ജൂറി ചെയർമാൻ പ്രകാശ് രാജും പ്രതികരിച്ചു. കുട്ടികളുടെ ചിത്രങ്ങളിൽ വളരെ നിരാശ ഉണ്ടായി. സമൂഹം മുതിർന്നവർ മാത്രം ഉള്ളതല്ല. കുട്ടികൾ കൂടെ ചേരുമ്പോൾ മാത്രമേ സമൂഹം പൂർണമാകപതയുള്ളു. അവരുടെ വീക്ഷണത്തിൽ നിന്ന് കഥ പറയുന്ന ചിത്രം വേണം. സിനിമ പ്രവർത്തകർ അത്തരം ചിത്രങ്ങൾ ഒരുക്കണം. ഇത്തവണ അവാർഡ് കൊടുക്കാത്ത നിലപാടിലൂടെ അടുത്ത വർഷങ്ങളിൽ നല്ല ചിത്രങ്ങൾ വരുമെന്നാണ് പ്രതീക്ഷയെന്നും പ്രകാശ് രാജ് പറഞ്ഞു.