

ഡൽഹി: 77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് പത്മഭൂഷണ്‍. ചലചിത്ര മേഖലയിലെ മികവിനാണ് പുരസ്കാരം നൽകി രാജ്യം ആദരിച്ചത്. അടുത്തിടെ മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നത്. വ്യത്യസ്തമായ വേഷ പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് ലഭിച്ച പുരസ്‌കാരം മലയാളികള്‍ക്കുള്ള അംഗീകാരം കൂടിയാണ്.
മലയാളത്തിന്റെ മഹാനടന് പത്മഭൂഷൺ നൽകാത്തതിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. എല്ലാ അര്‍ഥത്തിലും പൂര്‍ണ യോഗ്യതയുണ്ടായിട്ടും ചലച്ചിത്രബാഹ്യമായ പരിഗണനകളുടെ പേരില്‍ മമ്മൂട്ടിക്ക് പത്മഭൂഷൺ നിഷേധിക്കുന്നു എന്ന വിവാദം പലകാലങ്ങളായി ഉയരുന്നതാണ്. സമകാലികനായ മോഹൻലാലിന് പത്മഭൂഷനും ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടും മമ്മൂട്ടിക്ക് എന്തുകൊണ്ട് കിട്ടിയില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. അത്തരം വിവാദങ്ങൾക്കെല്ലാം ഇതോടുകൂടി ശമനമാകും.
വിവിധ കഥാപാത്രങ്ങളിലൂടെ കഴിഞ്ഞ അരനൂറ്റാണ്ടായി നമ്മുടെ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. തൻ്റെ സിനിമാ കരിയറില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അനവധി സവിശേഷതകളും മമ്മൂട്ടിക്കുണ്ട്. ഭരണഘടനാ ശില്‍പ്പിയായ ഡോ. അംബേദ്കറുടെ ജീവിതം സിനിമയായപ്പോള്‍ ആ കഥാപാത്രത്തിലേക്ക് മറ്റൊരു പേരും കടന്നു വന്നില്ല. 'പഴശ്ശിരാജ', 'ഒരു വടക്കന്‍ വീരഗാഥ', 'ന്യൂഡല്‍ഹി', പട്ടാളക്കഥകളിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘സൈന്യം’, നായര്‍ സാബ്, തീവ്രവൈകാരികത നിറഞ്ഞ ഭാവാഭിനയത്തിന്റെ പേരില്‍ വാഴ്ത്തുപാട്ടുകള്‍ നേടിയ ‘തനിയാവര്‍ത്തനം’, ‘അമരം’ തുടങ്ങി മമ്മൂട്ടിയുടെ സിനിമാ യാത്ര സമാനതകളില്ലാത്തതാണ്.
ബോണ്‍ ആക്ടര്‍ അല്ല താനെന്നും ആഗ്രഹ നടനാണെന്നും സ്വയം തുറന്നടിച്ച ആര്‍ജ്ജവത്തിന് ഉടമയാണ് മമ്മൂട്ടി. "തേച്ചു മിനുക്കിയെടുത്ത നടനാണ് ഞാൻ. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും," തന്നിലെ അഭിനേതാവിനെക്കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞപ്പോഴൊക്കെ തന്നെ തന്നിലുള്ള കലാംശത്തെ പൂർണമായും തിരിച്ചറിഞ്ഞിട്ടുള്ള ഒരു പ്രതിഭാശാലിയെ ആണ് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. അവിടെ താരപ്രഭയുടെ ശ്വാസം മുട്ടിക്കലുകളിൽ നിന്നും വെല്ലുവിളിയേകുന്ന കഥാപാത്രങ്ങൾക്കായുള്ള അടങ്ങാത്ത അഭിനിവേശം നമ്മൾ കണ്ടു. ഈ പതിറ്റാണ്ടിലെ കാതലും റോക്ഷാക്കും ഭ്രമയുഗവും വരെ അത് അടയാളപ്പെടുത്തുന്നു.
ആ സിനിമാ യാത്രയിൽ, ഒറ്റവാക്കുകൊണ്ട് മമ്മൂട്ടി എന്ന നടനേയും താരത്തേയും അടയാളപ്പെടുത്താം. സിനിമയോട് കലഹിക്കുന്ന മമ്മൂട്ടി. അയാൾ ചെയ്തു ഫലിപ്പിക്കാത്ത വേഷങ്ങളില്ല, പകർന്നാടാത്ത നടനഭാവങ്ങളില്ല! എന്നിട്ടും തന്നിനെ നടനോട് നിരന്തരം സ്വയം മത്സരിച്ച്, പരീഷണങ്ങൾക്കും പുതുമകൾക്കും അന്വേഷണം നടത്തി, സാങ്കേതിക തികവിൻ്റെ വളർച്ചകളെ സാധ്യതകളാക്കി മാറ്റി, കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അയാൾ കലഹിക്കുകയാണ്.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നു കുറിച്ച് പത്രത്തിൽ പരസ്യം നൽകിയ നിയമ ബിരുദധാരിയായ പാണപറമ്പിൽ ഇസ്മയിൽ മുഹമ്മദ് കുട്ടിയെന്ന വൈക്കംകാരനിൽ നിന്ന്, 400 ൽ അധികം സിനിമകളിൽ അഭിനിയിച്ച, ഏറ്റവും താരമൂല്യമുള്ള, രാജ്യം അംഗീകരിച്ച നടനിലേക്കുള്ള പ്രയാണം. അതാണ് ഇന്നും മമ്മൂട്ടി എന്ന നടനരാജാവിലേക്കുള്ള ദൂരം. പ്രേക്ഷക മനസിനെ അത്രയേറെ സ്പർശിക്കാൻ താരപ്പകിട്ടിൽ നിന്നും തന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്ന് അയാൾ ഏറെ ദൂരം സഞ്ചരിച്ചു.
ശബ്ദംകൊണ്ടും നോട്ടംകൊണ്ടും വൈകാരിക ഭാവ പ്രകടനങ്ങൾകൊണ്ടും നന്മ വിതറുന്ന നായകന്മാരെ പകർന്നാടിയ നടൻ, പുറം കാഴ്ചയുടെ ധാരണകളെ പൊളിച്ചെഴുതി മുഴുനീള വിപരീത കഥാപാത്രമാകാനും കലഹിച്ചു. പ്രതികാരത്തിൻ്റെ മറ്റൊരു തലത്തിൽ സ്വയം വില്ലനായി മാറിയ റോഷാക്കിലെ ലൂക്കിൽ ആ അംശങ്ങളെ കണ്ടു. പുഴുവിലെ കുട്ടനും വിധേയനിലെ ഭാസ്കര പട്ടേലറും പാലേരി മാണിക്യത്തിലെ മുരിക്കുംകുന്നത് അഹമ്മദ് ഹാജിയും ഇരുത്തം വന്ന സ്വഭാവിക അഭിനയംകൊണ്ട് അയാൾ വിസ്മയം സൃഷ്ടിച്ചു.
കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനായപ്പോഴാണ് ആരാധിച്ചവർക്കുപോലും വെറുപ്പും നീരസവും വിദ്വേഷവും തോന്നിപ്പിച്ച കൂടെവിടെയിലെ ക്യാപ്റ്റൻ തോമസിനെ അദ്ദേഹം രേഖപ്പെടുത്തിയത്. സാധു മനുഷ്യനിൽ നിന്നുമുള്ള ഭാവമാറ്റങ്ങൾ കൊണ്ടു ഞെട്ടിച്ച മുന്നറിയിപ്പിലെ സി.കെ. രാഘവൻവരെയുള്ള പകർന്നാട്ടങ്ങൾ. മമ്മൂട്ടിയെന്ന നടൻ തിരിച്ചറിയുന്നുണ്ട്, താരപ്രഭയിൽ നിന്നും താഴേക്കിറങ്ങി വരുമ്പോഴാണ് അത്ഭുതവും അതിശയവും ആവേശവും ആകാംഷയും ജനിക്കുന്നതെന്ന്.
പരാജയങ്ങളുടെ പടുകുഴിയിൽ വീണ് ബോക്സോഫീസിൽ ഇനി തിരിച്ചു വരവില്ലെന്നു പറഞ്ഞിടത്ത് ന്യൂ ഡെൽഹിയും ഹിറ്റ്ലറും ഐക്കോണിക് വിജയങ്ങളാക്കി മാറ്റിയ ചരിത്രമാണ് ആ മഹാ നടൻ്റേത്. അത്, എല്ലാക്കാലത്തും ഇതര ഭാഷകളിലെ മാറ്റങ്ങളും സാങ്കേതിക വശത്തിൻ്റെ വളർച്ചയും നിരീഷിച്ച്, താനും തൻ്റെ സിനിമയും അപ്ഡേറ്റ് ചെയ്ത ഒരു മനുഷ്യൻ്റെ സിനിമാ ചരിത്രമാണ്. കോവിഡിനു ശേഷം മമ്മൂട്ടി എന്ന താരം, നടനായി സഞ്ചരിച്ച ദൂരം, സൂഷ്മമായ തെരഞ്ഞെടുപ്പുകളുടെയും സിനിമാ മാറ്റങ്ങളുടെയും തോളേറിയുള്ളതായിരുന്നു.
ശരീരം എന്ന പോലെ ശബ്ദത്തെയും തൻ്റെ അഭിനയത്തിൻ്റെ ഉപകരണമാക്കി മാറ്റിയപ്പോൾ, ശബ്ദത്തിൽ ഭാവ വ്യത്യാസങ്ങളെ സൃഷ്ടിച്ച് ആഴപ്പരപ്പുകളും അടരുകളും അയാൾ അളന്നെടുത്തു. വിധേയൻ, രാജമാണിക്യം, അമരം, ഡാനി, പ്രാഞ്ചിയേട്ടൻ, പാലേരി മാണിക്യം, പുത്തൻപണം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാള സിനിമയിൽ ഭാഷാ വൈവിധ്യത്തിനു ഇടമൊരുക്കി. സംഭാഷണങ്ങൾക്കിടയിലെ നിശ്വാസങ്ങളും നിശബ്ദതകളും നീട്ടിക്കുറുക്കലുകളും ശബ്ദത്തിൻ്റെ ഉയർച്ച താഴ്ചയുമെല്ലാം ജീവിതത്തെ വൈകാരികമാക്കി മാറ്റി.
തിരശീലയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ പുതിയതൊന്നും ഏറെയില്ലെന്നുള്ള തിരിച്ചറിവിലാണ് പുതുമയ്ക്കും പരീക്ഷണത്തിനുമായി മമ്മൂട്ടി സിനിമകൾ ഈ പതിറ്റാണ്ട് മാറിയത്. പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി പോലും ആ സംസ്കാരത്തിനാണ് തുടക്കം കുറിച്ചത്. ഇന്നും സിനിമയ്ക്കായി, മികച്ച കഥാപാത്രങ്ങൾക്കായി ആഗ്രഹിക്കുന്ന എഴുപത്തി നാലുകാരൻ ആവേശം കൊളളുന്നത് അവിടെയാണ്.
പുരസ്‌കാരങ്ങള്‍ കൊണ്ട് തീര്‍പ്പ് കല്‍പ്പിക്കാവുന്ന വ്യക്തിത്വമല്ല മമ്മൂട്ടി. സര്‍ക്കാര്‍ തലത്തിലുളള അംഗീകാരങ്ങള്‍ ലഭിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തിക്കും പ്രാധാന്യത്തിനും ലവലേശം ഉടവ് സംഭവിക്കുന്നില്ല. അഭിനയം എന്ന പ്രക്രിയയോടുളള അദ്ദേഹത്തിന്റെ അനിതര സാധാരണമായ അഭിനിവേശവും ആത്മാര്‍ത്ഥതയുമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്.