തിരുവനന്തപുരം: മകൻ വിവേക് കിരൺ വിജയന് ഇഡി നോട്ടീസ് ലഭിച്ചെന്ന വാർത്ത പരിഹസിച്ച് തള്ളി മുഖ്യമന്ത്രി. മകനും തനിക്കും ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സമൻസ് വാർത്ത വെറുമൊരു നനഞ്ഞ പടക്കം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. ആരാണ് സമൻസ് അയച്ചതെന്നും ആരും കാണാത്ത സമൻസ് ഒരു പത്രം മാത്രം എങ്ങനെ കണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.
നിങ്ങളിലെത്രെ പേർ മകനെ കണ്ടിട്ടുണ്ടെന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ ചോദ്യം. "അധികാരത്തിന്‍റെ ഇടനാഴിയിൽ മകൻ ഇതുവരെ വന്നിട്ടില്ല. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവന് സംശയമാണ്. ആ ചെറുപ്പക്കാരന് മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുകയാണ്. ജോലി പിന്നെ വീട് ഇങ്ങനെയാണ് അവൻ്റെ ജീവിതം. എനിക്ക് ദുഷ് പേരുണ്ടാകുന്ന രീതിയിൽ എന്റെ മക്കൾ ആരും ഇതുവരെ പ്രവർത്തിച്ചിട്ടില്ല," മുഖ്യമന്ത്രി പറഞ്ഞു. കളങ്കരഹിതമായ തൻ്റെ രാഷ്ട്രീയ ജീവിതത്തിന് ഒപ്പം നിന്നവരാണ് മക്കളെന്നും. മക്കളെ ഓർത്ത് അഭിമാനം മാത്രമാണ് ഉള്ളതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഇഡി സമൻസിനെക്കുറിച്ചുള്ള സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന മുഖ്യമന്ത്രി തിരുത്തി. വസ്തുത മനസിലാക്കാതെയാണ് ഇഡി സമൻസിനെ കുറിച്ചുള്ള ബേബിയുടെ പ്രതികരണം. നിങ്ങളുടെ സ്നേഹവാത്സല്യം ഒരുപാട് അനുഭവിച്ച വ്യക്തിയാണ് താനെന്നും മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. കളങ്കിതനാക്കാനുള്ള ശ്രമം വിലപ്പോവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
"എൻ്റെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് കേരളത്തിന് അറിയാം. അത് തികച്ചും സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതമാക്കാൻ ശ്രമിച്ചപ്പോൾ ശാന്തമായാണ് പെരുമാറിയത്. ഒന്നും എന്നെ ബാധിക്കാറില്ല. പലപ്പോഴും ഉള്ളാലേ കേട്ട് ചിരിച്ച് നിന്നിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി മുഖ്യമന്ത്രിയാണ്. അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങൾ എനിക്കുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.