KERALA

മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി പൗരാവലിയുടെ സ്വീകരണം; സർപ്രൈസായി എത്തി മമ്മൂട്ടി

മികച്ച നേതൃത്വം നൽകാൻ സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിച്ചു

Author : ന്യൂസ് ഡെസ്ക്

എണറാകുളം: പുതിയതായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും വൻ സ്വീകരണം നൽകി കൊച്ചി പൗരാവലി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിൽ നിന്നുള്ളവരും മതമേലധ്യക്ഷൻമാരും പങ്കെടുത്തു. സർപ്രൈസായാണ് നടൻ മമ്മുട്ടി ചടങ്ങിനെത്തിയത്. മികച്ച നേതൃത്വം നൽകാൻ സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിച്ചു. സതീശനെ പൊന്നാട അണിയിക്കുകയും ചെയ്തു.

താൻ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്‌നാടിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. അഭിനയിക്കുന്നത് കുറച്ച് കാലത്തേക്കാണ്. പക്ഷേ യഥാർഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. വലിയ ഉത്തരവാദിത്തമാണ് സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നത്. എല്ലാവർക്കും നേതൃത്വം വഹിക്കേണ്ട ചുമതലയാണതെന്നും മമ്മൂട്ടി പറഞ്ഞു.

കൊച്ചിക്കാരോടും മലയാളികളോടും ഒപ്പം താനും സന്തോഷിക്കുന്നുവെന്നും ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമാകട്ടെയെന്നും കുഞ്ചാക്കോ ബോബൻ ആശംസിച്ചു. നാടിന് പുതിയ പ്രതീക്ഷയും ഉണർവും ലഭിക്കുന്ന ഭരണമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം പറഞ്ഞ ശേഷം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് രമേശ് പിഷാരടി പറഞ്ഞു.

മുഖ്യമന്ത്രി പദം ഒരു ദൈവ നിയോ​ഗമാണെന്നും അധികാരത്തിൻ്റെ പത്രാസിൽ വീണു പോകരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിൻ്റെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. മാറ്റം ഉണ്ടാക്കാൻ കഴിയും എന്ന ആത്മവിശ്വാസം തനിക്ക് ഉണ്ട്. ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു ടീം ആയിട്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ബഹുനില കെട്ടിടങ്ങൾ വരിക എന്നുള്ളതല്ല വികസനം. ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകണം. ഞാൻ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. സമ്പത്തിന്റെ നീതിപൂർവമായ വിതരണം നടക്കും. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് ഒരു വകുപ്പുണ്ടാക്കി. അതാണ് കാബിനറ്റിൽ ചെയ്ത തീരുമാനങ്ങളിൽ ഒന്ന്. രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണം. ഇപ്പോഴുള്ള പരിധിക്ക് അപ്പുറത്തേക്ക് കൊച്ചി വളരണം. സിനിമ രംഗത്ത് ഈ സര്ക്കാർ ഒരു കയ്യൊപ്പിടും, മുഖ്യമന്ത്രിയുടെ വാക്കുകൾ.

നിയോജകമണ്ഡലമായ പറവൂരിൽ എത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നൽകുന്നുണ്ട്. സമൂഹം ഹൈസ്‌കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം ഒരുക്കുന്നത്. നടൻ മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരാവലിയുടെ ആദരം നടൻ മോഹൻലാൽ സമർപ്പിക്കും. ജില്ലയിലെ മന്ത്രിമാരും നടൻ സലിംകുമാറും ചടങ്ങിൽ പങ്കെടുക്കും.

SCROLL FOR NEXT