

കാസർകോഡ്: കാസർകോഡ്, വയനാട് മെഡിക്കൽ കോളേജുകൾ പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളജിന്റെ പണി പൂർത്തിയാക്കാൻ വനംവകുപ്പിൽ നിന്ന് ഭൂമി കിട്ടണം. ഇതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു. ജില്ലയിലെ മെഡിക്കൽ കോളജിന്റെ നിർമാണം അനിശ്ചിതത്വത്തിൽ എന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ടാണ് മന്ത്രിയുടെ പ്രതികരണം.
കാസർകോഡ് ജില്ലയിലെ മെഡിക്കൽ കോളജ് പണി പൂർത്തിയാകാത്തത് സംബന്ധിച്ച വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. പതിമൂന്ന് വർഷമായിട്ടും പൂർത്തിയാകാത്ത മെഡിക്കൽ കോളേജാണ് കാസർഗോഡ് ജില്ലയിലേത്. ജില്ല രൂപീകരിച്ച് 40 വർഷമായിട്ടും വിദഗ്ധ ചികിത്സക്കായി ഇപ്പോഴും അതിർത്തി കടന്ന് മംഗലാപുരത്ത് പോകേണ്ട അവസ്ഥ. ജില്ലയിൽ തന്നെ മികച്ച ചികിത്സയ്ക്കുള്ള സൗകര്യം. നാട്ടുകാരുടെ സ്വപ്നമാണിത്. മുന്നണികൾ മാറി മാറി ഭരിച്ചിട്ടും, ആരോഗ്യ മേഖലയിൽ പിന്നോക്കമാണ് കാസർകോട്. 2013ൽ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച സർക്കാർ മെഡിക്കൽ കോളജ് 2026ലുംപൂർത്തിയായിട്ടില്ല.
ജില്ലയിലെ ആരോഗ്യ പിന്നാക്കാവസ്ഥയെ മറികടക്കാൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ തന്നെയാണ് ഭൂരിഭാഗം പേരും ഇന്നും ആശ്രയിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവർ ഉന്നത ചികിത്സയ്ക്കായി അതിർത്തി കടക്കുമ്പോൾ പിന്നാക്കാവസ്ഥയിലുള്ള ഭൂരിഭാഗം സാധാരണക്കാരാണ് ആരോഗ്യ മേഖലയിലെ മെല്ലെ പോക്കിൻ്റെ ഇരകളാവുന്നത് . കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ എട്ടാം വാർഡിലെ 86 ഏക്കറിലാണ് മെഡിക്കൽ കോളേജ് വിഭാവനം ചെയ്തിരുന്നത്. ഇതിൽ അക്കാദമിക് ബ്ലോക്ക് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഹോസ്റ്റൽ സൗകരം പോലുമായിട്ടില്ല.
കഴിഞ്ഞവർഷം എംബിബിഎസിന് പ്രവേശനം നേടിയ 50 വിദ്യാർത്ഥികൾ ചെർക്കളയിലെ സർക്കാർ ഹോസ്റ്റലിലാണ് താമസിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ആദ്യഘട്ടത്തിൽ നിർമ്മാണം ഏറ്റെടുത്ത കമ്പനിയുമായുള്ള നിയമപ്രശ്നങ്ങൾ ആയിരുന്നു വർഷങ്ങളോളം നിർമ്മാണം നിലയ്ക്കാൻ കാരണമായത്. ഇതിൻറെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചത് കഴിഞ്ഞമാസമാണ്. ഊരാളുങ്കൽ സൊസൈറ്റിയും മുംബൈ ആസ്ഥാനമായ മറ്റൊരു കമ്പനിയും മെഡിക്കൽ കോളേജ് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. 272 ജീവനക്കാരുടെ സ്‌റ്റാഫ് പാറ്റേൺ ആയിരുന്നു 500 ബെഡ്‌ഡുകളുള മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കും കോളേജിനും. നിലവിൽ പഠന വിഭാഗത്തിൽ മാത്രമാണ് ഏതാനും അധ്യാപകരുടെയും അനുബന്ധ ജീവനക്കാരുടെയും നിയമനം നടന്നിട്ടുള്ളത്.
മെഡിക്കൽ കോളേജിന്റെ അക്കാദമിക് പ്രവർത്തനവും നിർമ്മാണ പ്രവർത്തനവും മറ്റും ഏകോപിപ്പിക്കാൻ കൃത്യമായ അഡ്മിനിസ്ട്രേഷൻ സംവിധാനമില്ല.അഡ്മിനിസ്ട്രേഷൻ ഓഫീസർ ഇല്ലാത്തതും ഓഫീസും മറ്റു അനുബന്ധ ജീവനക്കാരില്ലാത്തതും നിർമ്മാണ പ്രവർത്തനങ്ങളെയും മറ്റ് ഔദ്യോഗിക നടപടികളെയും പലതരത്തിൽ തടസ പ്പെടുത്തുന്നുണ്ട്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ യുഡിഎഫ് സർക്കാർ വന്നാൽ ആരോഗ്യ മേഖലയിലെ പ്രഥമ പരിഗണനകളിൽ ആദ്യ പരിഗണന കാസർഗോഡ് മെഡിക്കൽ കോളജ് നിർമാണത്തിന് നൽകുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ന് നൽകിയ ഉറപ്പിലാണ് കാസർഗോഡിന്റെ പ്രതീക്ഷ.